മനാമ: നാസർ ബിൻ ഹമദ് സമുദ്ര പൈതൃക സീസണിന്റെ ഭാഗമായി നടന്ന പരമ്പരാഗത തുഴച്ചിൽ മത്സരമായ ശൈഖ് ഖാലിദ് ബിൻ ഹമദ് കപ്പിൽ കിരീടം നേടി ബഹ്റൈനി ടീമായ 'സുമും'. അഹ്മദ് അൽ ബുസ്മൈത്തിന്റെ നേതൃത്വത്തിലുള്ള ടീം 3000 മീറ്റർ ദൂരമുള്ള മത്സരം 13 മിനിറ്റ്, നാല് സെക്കൻഡ്, 44 മില്ലി സെക്കൻഡ് എന്ന മികച്ച സമയം കൊണ്ട് പൂർത്തിയാക്കിയാണ് വിജയം സ്വന്തമാക്കിയത്. കഴിഞ്ഞയാഴ്ച നടന്ന ഇൻഹെരിറ്റഡ് ട്രഡീഷനൽ സ്പോർട്സ് കമ്മിറ്റിയുടെ (മൗറൂത്ത്) റൗണ്ടിലെ വിജയത്തിന് ശേഷം 'സുമുമി'ന്റെ തുടർച്ചയായ രണ്ടാം കിരീട നേട്ടമാണിത്. ഒമാനി ടീമായ 'ദഹബ്' 13:16:50 സമയത്തോടെ രണ്ടാം സ്ഥാനത്തെത്തി.
ബഹ്റൈന്റെ തന്നെ ടീമായ 'ഈസാർ' മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വള്ളങ്ങൾ ഹിദ്ദിലെ ഖലീഫ ബിൻ സൽമാൻ പാർക്കിൽ നിന്ന് യാത്ര തിരിച്ച് മനാമയിലെ ബഹ്റൈൻ നാഷനൽ മ്യൂസിയത്തിന് എതിർവശത്തുള്ള സമുദ്രപ്രദേശത്താണ് ഫിനിഷ് ചെയ്തത്.ബഹ്റൈന്റെ തനതായ സമുദ്ര പൈതൃകം പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'മൗറൂത്ത്' സംഘടിപ്പിക്കുന്ന ഏറ്റവും ശ്രദ്ധേയമായ വാർഷിക മത്സരങ്ങളിലൊന്നാണിത്. രാജാവിന്റെ പ്രതിനിധിയും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ചെയർമാനുമായ ശൈഖ് നാസർ ആണ് സീസണിന്റെ മുഖ്യ പ്രായോജകൻ. ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി ചെയർമാനും യുവജന, കായിക സുപ്രീം കൗൺസിൽ ഒന്നാം വൈസ് ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെ പിന്തുണയും ഇതിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.