മനാമ: പകര ചുങ്കമെന്ന നിർദേശത്തിന് അംഗീകാരവുമായി പാർലമെന്റ്. ബഹ്റൈനിലേക്കുള്ള അമേരിക്കൻ ഇറക്കുമതികൾക്കും 10 ശതമാനം നികുതി ഏർപ്പെടുത്തണമെന്ന അടിയന്തര നിർദേശവുമായി രണ്ടാം ഡെപ്യൂട്ടി സ്പീക്കർ എം.പി അഹ്മദ് ഖരാതെയുടെ നേതൃത്വത്തിലുള്ള എം.പിമാർ രംഗത്തു വരികയായിരുന്നു. നിർദേശം നേരിയ ഭൂരിപക്ഷത്തോടെ പാർലമെന്റ് അംഗീകരിച്ചു. ചൂടേറിയ ചർച്ചകൾക്കൊടുവിൽ നടത്തിയ വോട്ടെടുപ്പിൽ രണ്ട് വോട്ടുകളുടെ മാത്രം വ്യത്യാസത്തിലാണ് നിർദേശം പാസാക്കിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിലെ (എഫ്.ടി.എ) തത്ത്വങ്ങളും വ്യവസ്ഥകളും ചൂണ്ടിക്കാട്ടിയാണ് എം.പിമാർ ഈ നീക്കത്തിന് അനുകൂലമായി വോട്ട് ചെയ്തത്. അമേരിക്ക നടപ്പാക്കിയ ഇറക്കുമതി തീരുവ പ്രകാരം ബഹ്റൈൻ 10 ശതമാനം അധികനികുതി നൽകണം. ഈ വ്യവസ്ഥയിലാണ് പകരം ചുങ്കം ബഹ്റൈനും ഏർപ്പെടുത്തണമെന്ന് നിർദേശിച്ചത്. അമേരിക്കയുമായുള്ള ഉഭയകക്ഷി ബന്ധത്തിന് വിള്ളൽ സംഭവിക്കുമെന്ന മുന്നറിയിപ്പ് നൽകിയാണ് ചില എം.പിമാർ എതിർത്തത്.
പാർലമെന്റിലെ സാമ്പത്തിക കാര്യ സമിതി ചെയർമാൻ എം.പി അഹമ്മദ് അൽ സല്ലൂം രൂക്ഷമായാണ് വിഷയത്തിൽ പ്രതികരിച്ചത്. അമേരിക്കൻ വസ്തുക്കൾക്ക് അധിക നികുതി ചുമത്തുന്നത് രാജ്യത്ത് അവശ്യ സാധനങ്ങൾക്കടക്കം വിലവർധിക്കാൻ സാധ്യതയുണ്ട്. ഇത് സാധാരണക്കാരായ ജനങ്ങളെ ബാധിക്കുമെന്ന് വാദിച്ച അൽ സല്ലൂം നിർദേശത്തെ ശക്തമായി എതിർത്തു. ഭക്ഷണം മുതൽ ഇലക്ട്രോണിക് വസ്തുകളടക്കം അമേരിക്ക ബഹ്റൈനിൽ ഇറക്കുമതി ചെയ്യുന്നുണ്ട്.
നമ്മുടെ വിപണിയിൽ അമേരിക്കൻ വസ്തുക്കൾക്കുള്ള സ്വാധീനം വളരെ വലുതുമാണ്. ഇതൊരു രാഷ്ട്രീയ സൂചന നൽകലായിട്ട് കാണാൻ കഴിയില്ല, ഇതിന് പ്രത്യക്ഷമായ സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ടെന്നും അൽ സല്ലും പറഞ്ഞു.
എഫ്.ടി.എ കരാർ ആർട്ടിക്കിൾ എട്ട് പ്രകാരം ന്യായരഹിതമായ സംഭവ വികാസങ്ങൾ ഉണ്ടായാൽ പകരം നടപടി സ്വീകരിക്കാൻ ഈ നിയമം അനുവദിക്കുന്നുണ്ട്, ഞങ്ങൾ അവകാശങ്ങൾ മാത്രമാണ് വിനിയോഗിക്കുന്നതെന്ന് അഹ്മദ് ഖരാതെ പറഞ്ഞു.
ബഹ്റൈന്റെ പ്രധാന വ്യവസായങ്ങളെയും വ്യാപാരത്തെയും ബാധിക്കുന്ന എഫ്.ടി.എയുടെ ആവർത്തിച്ചുള്ള ലംഘനങ്ങളെ ചൂണ്ടിക്കാട്ടിയ ചില എം.പിമാരും നിർദേശത്തെ അനുകൂലിക്കുകയായിരുന്നു. നിർദേശം തുടർനടപടികൾക്കായി കാബിനറ്റിന് അയച്ചിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.