ബഹ്‌റൈൻ പ്രതിഭ അന്താരാഷ്ട്ര ചെസ്സ് ടൂർണമെന്റിൽ നിന്ന്

ബഹ്‌റൈൻ പ്രതിഭ അന്താരാഷ്ട്ര ചെസ്സ് ടൂർണമെന്റ് 'ഗ്രാൻഡ്മാസ്റ്റേഴ്‌സ് കപ്പ്' സീസൺ ഒന്നിന് ഉജ്ജ്വല സമാപനം

മനാമ: ബഹ്‌റൈൻ പ്രതിഭ മനാമ മേഖല, ബഹ്‌റൈൻ ചെസ്സ് ഫെഡറേഷനുമായും അർജുൻസ് ചെസ് അക്കാദമിയുമായും ചേർന്ന് സംഘടിപ്പിച്ച പ്രഥമ ഇന്റർനാഷണൽ ചെസ്സ് ടൂർണമെന്റ് സമാപിച്ചു. സമാപന സമ്മേളനം ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി ഡയറക്ടർ ലൂനസ് മദീൻ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ എൻ.വി. ലിവിൻ കുമാർ, അൽ മൊയ്ദ് ഗ്രൂപ് സി.ഒ.ഒ ലോഹിദാസ്, അർജുൻസ് ചെസ്സ് അക്കാദമി ഡയറക്ടർ അർജുൻ എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി രാജേഷ് അറ്റാച്ചേരി നന്ദി രേഖപ്പെടുത്തി. ഗലാലിയിൽ വെച്ച് നടന്ന ടൂർണമെന്റിന്റെ ഉദ്ഘാടനം രാവിലെ ബഹ്‌റൈൻ ചെസ്സ് ഫെഡറേഷൻ ബോർഡ് അംഗം മുസ്തഫ സലാഹ് നിർവ്വഹിച്ചു.

ഏഴ് റൗണ്ടുകളിലായി റാപ്പിഡ് ഫോർമാറ്റിൽ സംഘടിപ്പിച്ച മത്സരത്തിൽ ബഹ്‌റൈൻ ദേശീയ ചാമ്പ്യൻ ഉൾപ്പടെയുള്ള ഇന്റർനാഷണൽ ചെസ്സ് ഫെഡറേഷന്റെ രജിസ്ട്രേഷനുള്ള, 9 രാജ്യങ്ങളിൽ നിന്നുള്ള 140-ഓളം പ്രമുഖ താരങ്ങൾ മാറ്റുരച്ചു. പൃഥ്വിരാജ് പ്രജീഷ് ഒന്നാം സ്ഥാനം നേടി ട്രോഫിയും 600 ഡോളറും സ്വന്തമാക്കി ചാമ്പ്യനായപ്പോൾ, മെറോ അഘ്യാദ് രണ്ടാം സ്ഥാനവും, അയ്യാദ് ഹുസൈൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ധ്രുവി ശ്രീകാന്ത് പണിഗ്രാഹി, നവനീത്, ശ്രീകാന്ത് എന്നിവർ യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങൾ നേടി.

വിവിധ വിഭാഗങ്ങളിൽ, അണ്ടർ 15 വിഭാഗത്തിൽ എ. ഹഡ്സണും, അണ്ടർ 10 വിഭാഗത്തിൽ സാത്വിക് ശർമ്മയും, റേറ്റുചെയ്യാത്തവരുടെ വിഭാഗത്തിൽ ഫഹദ് ഫവാസ് അൽഖൊസൈബിയും, 1400–1599 റേറ്റിംഗ് വിഭാഗത്തിൽ ആദിത്യ അഗർവാളും ഒന്നാം സ്ഥാനം നേടി. പ്രത്യേക പുരസ്കാരങ്ങളിൽ, മികച്ച ബഹ്റൈനി ജൂനിയർ കളിക്കാരനായി ജൂദ് മൻസൂർ അൽഫറാജ് തെരഞ്ഞെടുക്കപ്പെട്ടു. അൽഖല്ലാഫ്, അലി രണ്ടാം സ്ഥാനവും അലബ്ബാസ് അലി മൂന്നാം സ്ഥാനവും നേടി.

മികച്ച സ്കൂൾ പങ്കാളിത്തത്തിനുള്ള ട്രോഫി ന്യൂ മില്ലെനിയം സ്കൂൾ സ്വന്തമാക്കി. മികച്ച മുതിർന്ന കളിക്കാരനായി പിസ്പിനിസ് ഡിമിട്രിയോസിനെയും, മികച്ച വനിതാ കളിക്കാരിയായി ജൂദി മൻസൂർ അൽഫറാജിനെയുംചടങ്ങിൽ ആദരിച്ചു. ടൂർണമെന്റ് ചരിത്രവിജയമാക്കി മാറ്റാൻ സഹകരിച്ച മുഴുവൻ പേർക്കും നന്ദി അറിയിക്കുന്നതായി സംഘാടക സമിതി ചെയർമാൻ എൻ.വി. ലിവിൻ കുമാറും കൺവീനർ മനോജ് പോളും വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

Tags:    
News Summary - Bahrain Prathibha International Chess Tournament 'Grandmasters Cup' Season 1 Concludes Successfully

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.