ഓൺലൈനായി ചേർന്ന യോഗത്തിൽ പങ്കെടുത്തവർ

പ്രാദേശിക വെല്ലുവിളികളെ നേരിടാൻ ജി.സി.സി മേഖലയിൽ കൂടുതൽ സാമ്പത്തിക ഏകീകരണം അനിവാര്യം -ബഹ്‌റൈൻ

മനാമ: ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ ധനകാര്യ, സാമ്പത്തിക സഹകരണ സമിതിയുടെ 125ാമത് യോഗം വീഡിയോ കോൺഫറൻസ് വഴി നടന്നു. യോഗത്തിന് ബഹ്‌റൈൻ ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ നേതൃത്വം നൽകി. അംഗരാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം ശക്തമാക്കുന്നതിനെക്കുറിച്ചും നിലവിലെ വെല്ലുവിളികളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.

രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിലും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ പിന്തുണയോടെയും ഗൾഫ് കൂട്ടായ്മ കൂടുതൽ ശക്തമാക്കാൻ ബഹ്‌റൈൻ പ്രതിജ്ഞാബദ്ധമാണെന്ന് ശൈഖ് സൽമാൻ പറഞ്ഞു. ഇറാൻ അനുകൂല ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ജി.സി.സി രാജ്യങ്ങൾക്ക് നേരെ സമീപകാലത്തുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ധനകാര്യമന്ത്രി യോഗത്തിൽ ശക്തമായി അപലപിച്ചു. ജനവാസ മേഖലകൾ, ഊർജ്ജ നിലയങ്ങൾ, ജലശുദ്ധീകരണ ശാലകൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, സർവ്വകലാശാലകൾ എന്നിവയെ ലക്ഷ്യമിട്ടുണ്ടായ ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും ആഗോള സുരക്ഷയ്ക്ക് ഭീഷണിയുമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത തടസ്സങ്ങൾ ആഗോള വ്യാപാരത്തെ ബാധിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോളതലത്തിലെ എണ്ണ-എൽ.എൻ.ജി വിതരണത്തിന്റെ 20 ശതമാനത്തിലധികവും, അലുമിനിയം കയറ്റുമതിയുടെ 27 ശതമാനവും, രാസവള കയറ്റുമതിയുടെ 30 ശതമാനവും കടന്നുപോകുന്നത് ഈ വഴിയിലൂടെയാണ്.

ഈ ആക്രമണങ്ങൾ ജി.സി.സി സമ്പദ്‌വ്യവസ്ഥകളെ പ്രതികൂലമായി ബാധിച്ചുവെങ്കിലും, അംഗരാജ്യങ്ങൾ തമ്മിലുള്ള ശക്തമായ സഹകരണം പ്രതിസന്ധികളുടെ ആഘാതം കുറയ്ക്കാൻ സഹായിച്ചതായി മന്ത്രി വ്യക്തമാക്കി. വ്യോമപാതകളും വിമാനത്താവളങ്ങളും തുറന്നുനൽകിയും, അത്യാവശ്യ സാധനങ്ങളുടെ നീക്കം വേഗത്തിലാക്കാൻ കസ്റ്റംസ് നടപടികൾ ലഘൂകരിച്ചും പിന്തുണ നൽകിയ സൗദി അറേബ്യയ്ക്ക് അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തി. ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ചർച്ചകളുടെ പുരോഗതി, സാമ്പത്തിക ഏകീകരണത്തിനായുള്ള നീക്കങ്ങൾ, ജി.സി.സി പേയ്‌മെന്റ് ലിങ്കേജ് സിസ്റ്റം, മുൻ തീരുമാനങ്ങളുടെ വിലയിരുത്തൽ തുടങ്ങിയവയും യോഗം വിശദമായി ചർച്ച ചെയ്തു. യോഗത്തിലെ തീരുമാനങ്ങൾ ഗൾഫ് മേഖലയുടെ സുരക്ഷയും സ്ഥിരതയും ജനങ്ങളുടെ ഐശ്വര്യവും ഉറപ്പാക്കാൻ സഹായിക്കുമെന്ന പ്രത്യാശയോടെയാണ് യോഗം സമാപിച്ചത്.

Tags:    
News Summary - Bahrain says greater economic integration in GCC region essential to address regional challenges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.