മനാമ: ബഹ്റൈൻ രാജ്യത്തെ തെരുവുകച്ചവടം സ്വദേശികളായ പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി മുനിസിപ്പാലിറ്റി കാര്യ-കാർഷിക മന്ത്രി വാഇൽ അൽ മുബാറക് പാർലമെന്റിനെ അറിയിച്ചു. തെരുവുകച്ചവടത്തിനുള്ള ലൈസൻസുകൾ വ്യക്തിഗതമാണെന്നും അവ മറ്റൊരാൾക്ക് കൈമാറാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഒരാൾക്ക് ഒരു ലൈസൻസ്’ എന്ന കർശനമായ നിയമമാണ് നിലവിലുള്ളത്. ഒരു വ്യക്തിക്ക് ഒന്നിലധികം മുനിസിപ്പാലിറ്റികളിൽ ലൈസൻസിനായി അപേക്ഷിക്കാൻ സാധിക്കില്ല. ഒരാൾക്ക് നിലവിൽ ഒരു ലൈസൻസ് ഉണ്ടെങ്കിൽ, മറ്റൊരു അപേക്ഷ നൽകുന്നത് സിസ്റ്റം സ്വയം തടയുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. നിലവിൽ രാജ്യത്ത് 31 ലൈസൻസുള്ള തെരുവുകച്ചവടക്കാരാണുള്ളത്. ഇതിൽ 10 ലൈസൻസുകൾ 2023ലും, ഏഴ് എണ്ണം 2024ലും, 14 എണ്ണം 2025ലുമാണ് അനുവദിച്ചത്. നിയമലംഘനത്തെത്തുടർന്ന് മുഹറഖ് മുനിസിപ്പാലിറ്റി ഒരു ലൈസൻസ് ഇതിനകം സസ്പെൻഡ് ചെയ്തിട്ടുമുണ്ട്.
കച്ചവട നിയമങ്ങളിലും കർശന നടപടിക്രമങ്ങൾ കൊണ്ടുവരുന്നതായും മുനിസിപ്പാലിറ്റി കാര്യ-കാർഷിക മന്ത്രി അറിയിച്ചു. മന്ത്രാലയങ്ങൾ, സർക്കാർ ഓഫിസുകൾ, എംബസികൾ, ഹൈവേകൾ, ജങ്ഷനുകൾ, ട്രാഫിക് സിഗ്നലുകൾ എന്നിവക്ക് സമീപം കച്ചവടം നടത്താൻ പാടില്ല, സമാനമായ സാധനങ്ങൾ വിൽക്കുന്ന കടകളുടെ 500 മീറ്റർ പരിധിയിൽ കച്ചവടം അനുവദിക്കില്ല, പാകം ചെയ്ത ഭക്ഷണം, പാലുൽപന്നങ്ങൾ, വെടിമരുന്ന്, ആയുധങ്ങൾ ആരോഗ്യ വകുപ്പിന്റെ അനുമതിയില്ലാതെ വിൽക്കാൻ പാടില്ലാത്തതാണെന്നും ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതും പരിസരം മലിനമാക്കുന്നതും നിരോധിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.
മൊബൈൽ ഫുഡ് ട്രക്കുകളെ സംബന്ധിച്ച നിർദേശങ്ങളിൽ, സ്വകാര്യ സ്ഥലത്താണ് കച്ചവടമെങ്കിൽ ഉടമയുടെ രേഖാമൂലമുള്ള അനുമതിയും മുനിസിപ്പാലിറ്റി സ്ഥലങ്ങളിൽ അനുമതിപത്രവും നിർബന്ധമാണെന്നും അറിയിച്ചു. ജനവാസ മേഖലകളിൽ രാവിലെ ആറ് മുതൽ അർധരാത്രി വരെ മാത്രമേ പ്രവർത്തനാനുമതിയുള്ളൂ.
നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഫുഡ് ട്രക്ക് സൈറ്റുകളിൽ കൃത്യമായ പരിശോധനകൾ നടന്നുവരുന്നുണ്ട്. ഫുഡ് ട്രക്കുകൾക്കായി പുതിയൊരു പദ്ധതി മന്ത്രാലയം തയാറാക്കിവരുകയാണെന്ന് മന്ത്രി അറിയിച്ചു. ഇതിലൂടെ കച്ചവടക്കാർക്ക് ഓൺലൈനായി തങ്ങൾക്കാവശ്യമുള്ള സ്ഥലം മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കും.
നിലവിൽ മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ പ്രവർത്തിക്കാൻ 18 മൊബൈൽ ഫുഡ് ട്രക്കുകൾക്ക് അനുമതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.