നിബ്രാസ് താലിബ്
മനാമ: മനുഷ്യക്കടത്ത് തടയുന്നതിനുള്ള യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ വാർഷിക റിപ്പോർട്ടായ 'ട്രാഫിക്കിങ് ഇൻ പേഴ്സൺസ് (ടി.ഐ.പി) റിപ്പോർട്ടി'ൽ ബഹ്റൈൻ തുടർച്ചയായ എട്ടാം വർഷവും 'ടയർ 1' റാങ്കിങ് നിലനിർത്തി. മനുഷ്യക്കടത്ത് ഇല്ലാതാക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ മാനദണ്ഡങ്ങൾ പൂർണമായി പാലിക്കുന്ന രാജ്യങ്ങളുടെ ഏറ്റവും ഉയർന്ന വിഭാഗമാണ് 'ടയർ 1'. ഈ നേട്ടം രാജ്യത്തിന്റെ മനുഷ്യാവകാശങ്ങളോടും തൊഴിലാളി സംരക്ഷണത്തോടുമുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെ പ്രഖ്യാപനമാണെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ചീഫ് എക്സിക്യുട്ടിവ് ഓഫിസറും മനുഷ്യക്കടത്ത് വിരുദ്ധ ദേശീയസമിതിയുടെ ചെയർമാനുമായ നിബ്രാസ് താലിബ് പറഞ്ഞു. മനുഷ്യക്കടത്തിനെ നേരിടാൻ ഞങ്ങൾ സ്വീകരിക്കുന്ന സമഗ്രമായ സമീപനത്തിൽ അന്താരാഷ്ട്ര സമൂഹം അർപ്പിക്കുന്ന വിശ്വാസത്തെ ഇതു പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മനുഷ്യക്കടത്തിനെതിരെ ബഹ്റൈൻ സ്വീകരിച്ചിട്ടുള്ള നിയമപരവും സ്ഥാപനപരവുമായ നടപടികളാണ് ഈ നേട്ടത്തിന് അടിസ്ഥാനം. മേഖലയിൽ ആദ്യമായി കൊണ്ടുവന്ന നിയമങ്ങളിലൊന്നായ 'മനുഷ്യക്കടത്ത് വിരുദ്ധ നിയമം 2008' ബഹ്റൈന്റെ ഈ രംഗത്തെ പ്രധാന ചുവടുവെപ്പാണ്. കൂടാതെ, വേതന സംരക്ഷണ സംവിധാനം തൊഴിലാളികൾക്ക് ശമ്പളം കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. മനുഷ്യക്കടത്ത് കേസുകൾക്കായി പ്രത്യേക പബ്ലിക് പ്രോസിക്യൂഷൻ, നീതിന്യായ സംവിധാനം എന്നിവ സ്ഥാപിച്ചു. ഇരകളെ തിരിച്ചറിയാനും സംരക്ഷിക്കാനും അന്തസ്സോടെ പുനരധിവസിപ്പിക്കാനും ദേശീയ റഫറൽ സംവിധാനവും ഉറപ്പ് നൽകുന്നു. 2021ൽ ആരംഭിച്ച പരിശീലനത്തിനും ശേഷി വർധിപ്പിക്കുന്നതിനുമുള്ള റീജനൽ സെന്റർ വഴിയാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന പൊലീസ്, ആരോഗ്യ പ്രവർത്തകർ, അതിർത്തി ഉദ്യോഗസ്ഥർ എന്നിവർക്ക് പരിശീലനം നൽകുന്നത്.
തൊഴിൽ നൽകുന്ന രാജ്യങ്ങൾ, ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ, യു.എൻ ഏജൻസികൾ എന്നിവയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിലൂടെ, തൊഴിലാളികൾക്കും തൊഴിലുടമകൾക്കും അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് ബോധവത്കരണം നൽകുന്ന 'ടുഗെദർ വി വർക്ക്' പോലുള്ള കാമ്പയിനുകൾ ബഹ്റൈൻ നടപ്പാക്കി. ചൂഷണം സംഭവിക്കുന്നതിന് മുമ്പുതന്നെ അത് തടയാൻ ബോധവത്കരണം അത്യന്താപേക്ഷിതമാണെന്ന് നിബ്രാസ് താലിബ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.