മതവികാരം വ്രണപ്പെടുത്തുന്ന ശബ്ദരേഖ പ്രചരിപ്പിച്ചു; 29കാരനെ അറസ്റ്റ് ചെയ്ത് ബഹ്റൈൻ പോലീസ്
മനാമ: സമുദായങ്ങൾ ആദരിക്കുന്ന മതവ്യക്തിത്വങ്ങളെ അധിക്ഷേപിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ശബ്ദരേഖ പ്രചരിപ്പിച്ച 29കാരനെ ബഹ്റൈനിൽ അറസ്റ്റ് ചെയ്തു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ, ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റിക്ക് കീഴിലുള്ള ആന്റി-സൈബർ ക്രൈം ഡയറക്ടറേറ്റാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.
സാമൂഹിക സൗഹാർദ്ദവും സമാധാനവും തകർക്കുന്നതും വർഗീയ വിഭാഗീയത വളർത്തുന്നതുമായ ഇത്തരം പ്രവൃത്തികൾ ഗുരുതരമായ നിയമലംഘനമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അറസ്റ്റിലായ വ്യക്തിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും അധികൃതർ അറിയിച്ചു.
സോഷ്യൽ മീഡിയയും ഓൺലൈൻ പ്ലാറ്റ്ഫോമുകളും ഉപയോഗിക്കുമ്പോൾ എല്ലാവരും സാമൂഹിക ഉത്തരവാദിത്തം പുലർത്തണമെന്നും നിയമങ്ങൾ കർശനമായി പാലിക്കണമെന്നും സൈബർ ക്രൈം ഡയറക്ടറേറ്റ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. മതചിഹ്നങ്ങളെയോ വ്യക്തിത്വങ്ങളെയോ അധിക്ഷേപിക്കുന്നതോ, വിഭാഗീയത വ്രണപ്പെടുത്തുന്നതോ, രാജ്യത്തിന്റെ സിവിൽ സമാധാനത്തെ ബാധിക്കുന്നതോ ആയ ഉള്ളടക്കങ്ങൾ നിർമ്മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.