വൈദ്യുതി-ജല ബില്ലുകളിൽ അന്വേഷണം വേണമെന്ന് എം.പിമാർ

മനാമ: ബഹ്‌റൈനിൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ (ഇവ) ഇലക്ട്രോണിക് മീറ്ററുകളുടെ കൃത്യത, നിരക്കുകൾ, സർക്കാർ സബ്‌സിഡി വിതരണം എന്നിവയിൽ ഔദ്യോഗിക അന്വേഷണം ആവശ്യപ്പെട്ട് പാർലമെന്റ് അംഗങ്ങൾ രംഗത്തെത്തി.

വിഷയത്തിൽ അന്വേഷണ കമ്മീഷൻ രൂപീകരിക്കുന്നത് സംബന്ധിച്ച് ചൊവ്വാഴ്ച പാർലമെന്റിൽ വോട്ടെടുപ്പ് നടക്കും. എം.പി മഹ്‌മൂദ് ഫർദാന്റെ നേതൃത്വത്തിലാണ് സമിതി രൂപീകരിക്കാൻ നിർദ്ദേശം സമർപ്പിച്ചിരിക്കുന്നത്.

ഇലക്ട്രോണിക് മീറ്ററുകളുടെ പ്രവർത്തനം, റീഡിംഗുകളിലെ കൃത്യത, തെറ്റായ ബില്ലിംഗ് തടയാൻ ഇവ സ്വീകരിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ സമിതി വിശദമായി പരിശോധിക്കും. കൂടാതെ പരിഷ്കരിച്ച താരിഫ് നിരക്കുകൾ സാധാരണക്കാരുടെയും ഇടത്തരം കുടുംബങ്ങളുടെയും ജീവിതച്ചെലവിനെ എങ്ങനെയെല്ലാം ബാധിച്ചുവെന്നും പഠനവിധേയമാക്കും.

കൂടുതൽ അംഗങ്ങളുള്ള കൂട്ടുകുടുംബങ്ങൾക്ക് സബ്‌സിഡി ആനുകൂല്യങ്ങൾ കൃത്യമായി ലഭിക്കുന്നുണ്ടോയെന്നും, സബ്‌സിഡി ഉപഭോഗ പരിധി പ്രതിദിനമാണോ അതോ പ്രതിമാസമാണോ കണക്കാക്കുന്നത് എന്നതിന്റെ സാങ്കേതിക-നിയമ വശങ്ങളും കമ്മീഷൻ പരിശോധിക്കും.

വൈദ്യുതിയും വെള്ളവും അത്യാവശ്യ സേവനങ്ങളാണെന്നും ലഭിക്കുന്ന ബില്ലുകൾ യഥാർത്ഥ ഉപഭോഗത്തിന് അനുസരിച്ചുള്ളതാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടണമെന്നും എം.പി മഹ്‌മൂദ് ഫർദാൻ വ്യക്തമാക്കി. സബ്‌സിഡി വിതരണത്തിൽ അർഹതപ്പെട്ട കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - MPs demand inquiry into electricity and water bills

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.