ബഹ്‌റൈനിൽ ആരോഗ്യ പ്രവർത്തകർക്ക് എച്ച്.ഐ.വി പ്രതിരോധ പരിശീലനം അനിവാര്യമെന്ന് പഠനം

മനാമ: ബഹ്‌റൈനിലെ ആരോഗ്യ പ്രവർത്തകർക്ക് എച്ച്.ഐ.വി പ്രതിരോധത്തെക്കുറിച്ചും അത് പകരുന്ന രീതികളെക്കുറിച്ചും കൂടുതൽ പരിശീലനം നൽകേണ്ടതുണ്ടെന്ന് പുതിയ പഠനം. 2025 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 27 പ്രൈമറി ഹെൽത്ത് കെയർ സെന്ററുകളിലെയും സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെയും 395 ആരോഗ്യ പ്രവർത്തകരിൽ നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്.

പഠനത്തിൽ പങ്കെടുത്തവരിൽ പകുതിയോളം പേർക്ക് എച്ച്.ഐ.വിയെക്കുറിച്ച് കുറഞ്ഞ അറിവ് മാത്രമാണുള്ളതെന്ന് കണ്ടെത്തി. 13.4 ശതമാനം ആളുകൾക്ക് മാത്രമാണ് മികച്ച രീതിയിലുള്ള അറിവുണ്ടായിരുന്നത്.

രോഗം പകരുന്നത് സംബന്ധിച്ച് ആരോഗ്യ പ്രവർത്തകർക്കിടയിലുള്ള തെറ്റിദ്ധാരണകൾ രോഗികളോട് വിവേചനവും മാറ്റിനിർത്തലും ഉണ്ടാക്കാൻ ഇടയാക്കുന്നുവെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു. ആവശ്യത്തിന് വൈറൽ ലോഡ് ഇല്ലാത്ത എച്ച്.ഐ.വി ബാധിതരിൽ നിന്ന് ലൈംഗിക ബന്ധത്തിലൂടെ രോഗം പകരില്ലെന്ന് 32.7 ശതമാനം പേർക്ക് മാത്രമേ അറിവുണ്ടായിരുന്നുള്ളൂ.

കൂടാതെ എച്ച്.ഐ.വി രോഗികളെ പ്രത്യേക മുറിയിലേക്ക് മാറ്റേണ്ടതില്ലെന്ന കാര്യം 52.9 ശതമാനം പേർ മാത്രമാണ് കൃത്യമായി തിരിച്ചറിഞ്ഞത്. ഇതിനിടെ, സർവേയിൽ പങ്കെടുത്ത 91.6 ശതമാനം ആരോഗ്യ പ്രവർത്തകരും എച്ച്.ഐ.വി സംബന്ധിച്ച് കൂടുതൽ പരിശീലനം ആവശ്യമാണെന്ന് വ്യക്തമാക്കി.

ബഹ്‌റൈനിലെ 2017-ലെ എയ്ഡ്‌സ് പ്രതിരോധ നിയമപ്രകാരം എച്ച്.ഐ.വി ബാധിതരോട് വിവേചനം കാണിക്കുന്നവർക്ക് തടവുശിക്ഷയും പിഴയും വ്യവസ്ഥ ചെയ്യുന്നുണ്ട്. 

Tags:    
News Summary - Study shows HIV prevention training essential for healthcare workers in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.