സ്വദേശികൾക്ക് തൊഴിൽ കണ്ടെത്താൻ എ.ഐ ഉപയോഗിക്കാൻ പാർലമെന്റ് നീക്കം
മനാമ: രാജ്യത്തെ തൊഴിലവസരങ്ങൾ വേഗത്തിൽ കണ്ടെത്താനും യോഗ്യരായ ബഹ്റൈനി പൗരന്മാർക്ക് അനുയോജ്യമായ ജോലികൾ ലഭ്യമാക്കാനും നിർമ്മിത ബുദ്ധി (എ.ഐ) പ്രയോജനപ്പെടുത്താനുള്ള നിർദ്ദേശം പാർലമെന്റിന്റെ പരിഗണനയിലേക്ക്.
സ്വദേശിവൽക്കരണം ഊർജ്ജിതമാക്കാനും ഉദ്യോഗാർത്ഥികളുടെ പഠനനിലവാരവും മുൻപരിചയവും വിശകലനം ചെയ്ത് അനുയോജ്യമായ തൊഴിലുകളിലേക്ക് അവരെ നയിക്കാനും എ.ഐ അധിഷ്ഠിത സംവിധാനത്തിലൂടെ സാധിക്കുമെന്ന് പാർലമെന്റിലെ സർവീസ് കമ്മിറ്റി വൈസ് ചെയർമാൻ ഡോ. മുനീർ സുറൂർ വ്യക്തമാക്കി. പാർലമെന്ററി ലെജിസ്ലേറ്റീവ് ആൻഡ് ലീഗൽ അഫയേഴ്സ് കമ്മിറ്റി ഏകകണ്ഠമായാണ് ഈ നിർദ്ദേശത്തെ പിന്തുണച്ചിരിക്കുന്നത്.
ഉദ്യോഗാർത്ഥികളുടെ വൈദഗ്ധ്യത്തിന് പാകമായ തൊഴിൽ കണ്ടെത്താൻ പുതിയ സംവിധാനം സഹായിക്കും. ഇതിലൂടെ വൻതോതിലുള്ള പൊതുപരിശീലനങ്ങൾക്ക് പകരം വിപണിക്ക് ആവശ്യമുള്ള പ്രത്യേക മേഖലകളിൽ ബഹ്റൈനികൾക്ക് കൂടുതൽ പരിശീലനം നൽകാൻ സാധിക്കും.
നിലവിൽ ഇത്തരത്തിലുള്ള ചില ഇലക്ട്രോണിക് സംവിധാനങ്ങൾ രാജ്യത്ത് നിലവിലുണ്ടെന്ന് സിവിൽ സർവീസ് ബ്യൂറോയും തംകീനും വ്യക്തമാക്കുന്നുണ്ടെങ്കിലും, കൂടുതൽ അത്യാധുനിക എ.ഐ സാങ്കേതികവിദ്യകൾ കൂടി ഉൾപ്പെടുത്തി ഈ സംവിധാനത്തെ മെച്ചപ്പെടുത്താമെന്ന് ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.