മനാമ: തൊഴിലധിഷ്ഠിതവിദ്യാഭ്യാസ മേഖലയിൽ ബഹ്റൈനും ഒമാനും തമ്മിൽ സഹകരണത്തിന് ധാരണ. ഒമാൻ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രതിനിധി സംഘവുമായി ബഹ്റൈൻ തൊഴിൽ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, നാസർ വൊക്കേഷനൽ ട്രെയിനിങ് സെന്റർ (എൻ.വി.ടി.സി) എന്നിവയുടെ പ്രതിനിധികൾ സഹകരണം സംബന്ധിച്ച് ചർച്ച നടത്തി. ഒമാനി വിദ്യാഭ്യാസ മന്ത്രാലയവും എൻ.വി.ടി.സിയും സാങ്കേതിക വൈദഗ്ധ്യങ്ങൾ പരസ്പരം കൈമാറ്റം ചെയ്യും.
ജി.സി.സി രാജ്യങ്ങളിൽ പ്രഫഷനൽ, സാങ്കേതിക മേഖലകളിൽ വർധിച്ചുവരുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യം നേടുന്നതിന് വേണ്ട നടപടികൾ യോഗം ചർച്ച ചെയ്തു. 2023-24 അധ്യയന വർഷം മുതൽ സ്കൂളുകളിൽ തൊഴിൽ സാങ്കേതിക പരിശീലനം ഏർപ്പെടുത്തുമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. വിവിധ വ്യവസായങ്ങൾക്കുപയുക്തമായ രീതിയിൽ പാഠ്യപദ്ധതി വികസിപ്പിച്ച് തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്കനുയോജ്യമായ വൈദഗ്ധ്യം വിദ്യാർഥികൾക്ക് നൽകാനുള്ള രാജ്യത്തിന്റെ തീരുമാനം എൻ.വി.ടി.സി എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. അബ്ദുല്ല നാസർ അൽ നോയ്മി ചൂണ്ടിക്കാട്ടി.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ മാർഗനിർദേശത്തോടെ നടപ്പാക്കുന്ന ബഹ്റൈൻ ഇക്കണോമിക് വിഷൻ 2030ലും ഇക്കാര്യം പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് കമ്പ്യൂട്ടിങ്, എൻജിനീയറിങ്, സ്പോർട്സ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ എന്നിവയെല്ലാം കോർത്തിണക്കിയുള്ള സാങ്കേതിക വികസനമാണ് എൻ.വി.ടി.സി ലക്ഷ്യമിടുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ഈ മേഖലയിൽ കൂടുതൽ വൈദഗ്ധ്യം ആർജിക്കുന്നതിന് കാരണമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.