ബഹ്റൈൻ വിപണികൾ സജീവമാകുന്നു; ഷോപ്പിങ്ങിനും വിനോദങ്ങൾക്കുമായി ജനങ്ങൾ പുറത്തിറങ്ങിത്തുടങ്ങി

മനാമ: മേഖലയിലെ സാഹചര്യങ്ങൾക്കിടയിലും ബഹ്‌റൈനിലെ ജനജീവിതവും ബിസിനസ് മേഖലയും അതിവേഗം സാധാരണ നിലയിലേക്ക് മടങ്ങുന്നു. സുരക്ഷാ മുൻകരുതലുകൾ നിലനിൽക്കുമ്പോഴും രാജ്യത്തെ പ്രമുഖ വാണിജ്യ കേന്ദ്രങ്ങളും ബാങ്കുകളും സജീവമായിക്കഴിഞ്ഞു. മനാമ, സീഫ് തുടങ്ങിയ പ്രധാന വാണിജ്യ മേഖലകളിൽ കൂടുതൽ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

ദി അവന്യൂസ്, സിറ്റി സെന്‍റർ ബഹ്‌റൈൻ തുടങ്ങിയ പ്രമുഖ ഷോപ്പിംഗ് മാളുകളിലും സന്ദർശകരുടെ എണ്ണത്തിൽ ക്രമാനുഗതമായ വർധനവ് രേഖപ്പെടുത്തി. ഈദ് അവധി ദിനങ്ങളിൽ വിപണിയിൽ മികച്ച വ്യാപാരം നടന്നതായും, വിപണി കരുത്താർജ്ജിക്കുന്നതായും റീട്ടെയിൽ വ്യാപാരികൾ അറിയിച്ചു. ബാങ്കിംഗ് സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കാൻ ബാങ്കുകൾ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്.

മാർച്ച് 25 മുതൽ രാജ്യത്തെ എല്ലാ ബ്രാഞ്ചുകളും പൂർണതോതിൽ പ്രവർത്തനമാരംഭിച്ചതായി അൽ സലാം ബാങ്ക് അറിയിച്ചു. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കി മികച്ച ബാങ്കിംഗ് അനുഭവം നൽകാൻ ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്ന് ചീഫ് റീട്ടെയിൽ ബാങ്കിംഗ് ഓഫീസർ മുഹമ്മദ് ബൂഹാജി പറഞ്ഞു. എൻ.ബി.ബി, ബി.ബി.കെ, അഹ്‌ലി യുനൈറ്റഡ് ബാങ്ക്, ബഹ്‌റൈൻ ഇസ്ലാമിക് ബാങ്ക് തുടങ്ങിയവയും ഭൂരിഭാഗം ബ്രാഞ്ചുകൾ വഴിയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയും സേവനം തുടരുന്നു. സുരക്ഷിതമായ സാഹചര്യത്തിൽ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനും ബാങ്കുകൾ ഉപഭോക്താക്കളോട് നിർദ്ദേശിക്കുന്നുണ്ട്.

Tags:    
News Summary - Bahrain markets are bustling; people are starting to come out for shopping and entertainment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.