യു.എൻ സുരക്ഷ സമിതി യോഗത്തിൽ ബഹ്റൈൻ പ്രതിനിധികൾ
മനാമ: ഐക്യരാഷ്ട്രസഭയിൽ ഇറാനെതിരെ രൂക്ഷ വിമർശനങ്ങളുമായി ബഹ്‌റൈൻ പ്രതിനിധി അംബാസഡർ ജമാൽ റുവൈഹി. നയതന്ത്ര കരാറുകളെ ഇറാൻ വെറുമൊരു മറയാക്കി ആക്രമണങ്ങൾ തുടരുകയാണെന്നും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിൽ അദ്ദേഹം കുറ്റപ്പെടുത്തി. ആണവായുധ നിയന്ത്രണത്തെക്കുറിച്ചുള്ള പ്രമേയം 2231ന്റെ നടത്തിപ്പിനെക്കുറിച്ചുള്ള റിപ്പോർട്ട് ചർച്ച ചെയ്യുന്നതിനിടെയാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്.
ഫെബ്രുവരി 28ന് ശേഷം ഗൾഫ് രാജ്യങ്ങൾക്കും ജോർദാനുമെതിരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ അത്യന്തം അപകടകരമാണെന്നും ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് സാധാരണക്കാരുടെ കേന്ദ്രങ്ങളും ഊർജ നിലയങ്ങളും ലക്ഷ്യമിടുന്നത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ഹുർമുസ് കടലിടുക്ക് തടസ്സപ്പെടുത്തി അന്താരാഷ്ട്ര നാവിഗേഷനും ആഗോള വ്യാപാരത്തിനും ഇന്ധന വിതരണത്തിനും ഇറാൻ ഭീഷണി ഉയർത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനുമായുള്ള നയതന്ത്ര പ്രശ്നങ്ങൾക്ക് കാരണം കരാറുകളുടെ അഭാവമല്ല, മറിച്ച് ഒപ്പിട്ട കരാറുകൾ നടപ്പിലാക്കുന്നതിലെ അവരുടെ പരാജയമാണെന്ന് റുവൈഹി ഓർമ്മിപ്പിച്ചു. ജൂൺ 17-ന് ഒപ്പിട്ട ഇസ്‌ലാമാബാദ് മെമ്മോറാണ്ടവും മാർച്ച് 11-ന് അംഗീകരിച്ച റെസല്യൂഷൻ 2817-ഉം ഇറാൻ ലംഘിച്ചതായും അദ്ദേഹം ആരോപിച്ചു. നയതന്ത്രം എന്നത് തർക്കങ്ങൾ പരിഹരിക്കാനുള്ള മാർഗ്ഗമായി കാണുന്നതിന് പകരം, പ്രോക്സി ഗ്രൂപ്പുകളെ ഉപയോഗിച്ച് ആക്രമണങ്ങൾ തുടരുന്നതിനിടയിൽ സമയം നേടാനുള്ള തന്ത്രമായിട്ടാണ് ഇറാൻ കാണുന്നത്.
രാജ്യാന്തര ആണവോർജ ഏജൻസിയുമായി സഹകരിക്കാതെയും അന്താരാഷ്ട്ര ബാധ്യതകൾ പാലിക്കാതെയും മുന്നോട്ട് പോകുന്നത് ആണവ പരിപാടികൾ സംബന്ധിച്ച സുതാര്യതയെ ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളും അന്താരാഷ്ട്ര ബാധ്യതകളും കേവലം കടലാസ് രേഖകളായി മാത്രം മാറാൻ അനുവദിക്കരുതെന്നും, സുരക്ഷാ സമിതിയുടെ വിശ്വാസ്യത നിലനിർത്താൻ പ്രമേയങ്ങൾ കർശനമായി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബഹ്‌റൈൻ, കുവൈത്ത്, ജോർദാൻ തുടങ്ങിയ രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങളും ഹുർമുസ് കടലിടുക്കിലെ അക്രമങ്ങളും ഒരു വലിയ സുരക്ഷാ ഭീഷണിയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.