ഫോർമുല വൺ ബഹ്‌റൈൻ ഗ്രാൻഡ് പ്രീ: തിരിച്ചുവരവിന് സാധ്യതയേറുന്നു

മനാമ: സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ 2026-ലെ ഫോർമുല വൺ റേസ് കലണ്ടറിലേക്ക് ബഹ്‌റൈൻ ഗ്രാൻഡ് പ്രീയെ തിരികെ കൊണ്ടുവരാനുള്ള ചർച്ചകൾ സജീവമായി നടക്കുന്നു. ഒക്ടോബർ ആദ്യം റേസ് നടത്താനാണ് പ്രധാന പരിഗണന. ഈ സീസണിൽ റദ്ദാക്കിയ റേസുകൾ പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്നും, ബഹ്‌റൈന്റെ തിരിച്ചുവരവ് ഇപ്പോഴും സാധ്യതയുള്ള ഒന്നാണെന്നും സസ്റ്റൈനബിൾ ഡെവലപ്‌മെന്റ് മന്ത്രിയും ബഹ്‌റൈൻ ഇക്കണോമിക് ഡെവലപ്‌മെന്റ് ബോർഡ് സി.ഇ.ഒയുമായ മന്ത്രി നൂർ ബിൻത് അലി ആൽ ഖലീഫ റോയിട്ടേഴ്സിനോട് പറഞ്ഞു.

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ അയയുന്നത് അനുസരിച്ചായിരിക്കും റേസ് നടത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക എന്ന് ആൽ ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ വർഷം ബഹ്‌റൈൻ സന്ദർശിച്ച 15 ദശലക്ഷം ആളുകളിൽ 90 ശതമാനവും അയൽരാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു. പ്രാദേശിക ടൂറിസം മേഖല ഏറെക്കുറെ പൂർവസ്ഥിതിയിലായെന്നും അവർ കൂട്ടിച്ചേർത്തു.

ഒക്ടോബർ 3-4 തീയതികളിൽ ബഹ്‌റൈൻ ഗ്രാൻഡ് പ്രീ നടക്കാനാണ് ഏറ്റവും കൂടുതൽ സാധ്യതയെന്ന് ഫോർമുല വൺ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ബാക്കുവിലെ അസർബൈജാൻ ഗ്രാൻഡ് പ്രീക്കും ഒക്ടോബർ 11-ലെ സിംഗപ്പൂർ ഗ്രാൻഡ് പ്രീക്കും ഇടയിലുള്ള സമയമാണിത്. റദ്ദാക്കിയ മിഡിൽ ഈസ്റ്റ് റേസുകളിൽ ഒന്നെങ്കിലും പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ഫോർമുല വൺ പ്രസിഡന്റും സി.ഇ.ഒയുമായ സ്റ്റെഫാനോ ഡൊമെനിക്കാലി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഏതെങ്കിലും മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ ഉചിതമായ സമയത്ത് പ്രഖ്യാപിക്കുമെന്ന് സ്കൈ സ്പോർട്സിനോട് സംസാരിക്കവെ ഡൊമെനിക്കാലി പറഞ്ഞു. ഏത് റേസ് തിരിച്ചുവരുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ലെങ്കിലും, ബഹ്‌റൈനാണ് മുൻപന്തിയിലുള്ളത്. ലോജിസ്റ്റിക്, സംഘടനാപരമായ ആവശ്യങ്ങൾ മുൻനിർത്തി ആഗസ്റ്റിലെ വേനൽക്കാല അവധിക്ക് മുൻപായി തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - Formula one Bahrain Grand Prix: Possibility of a comeback increases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.