ബഹ്റൈൻ ഇടതുപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കൺവെൻഷനിൽ സുബൈർ കണ്ണൂർ സംസാരിക്കുന്നു
മനാമ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എം. സ്വരാജിനെ വിജയിപ്പിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ ബഹ്റൈൻ ഇടതുപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിൽ ബഹ്റൈൻ പ്രതിഭ ഹാളിൽ വെച്ച് നടന്നു. തെരഞ്ഞെടുപ്പ് കൺവെൻഷൻ നാട്ടിൽനിന്നും ഓൺലൈനായി നാസർ കോളായി ഉദ്ഘാടനം ചെയ്തു. വർത്തമാന കാലഘട്ടത്തിൽ ദൈവത്തിന്റെ സ്വന്തം നാടായ കേരളം നേരിടുന്ന പ്രധാന വെല്ലുവിളി വർഗീയതയാണെന്നും ആ വർഗീയതയെ ഉന്മൂലനം ചെയ്യാൻ എല്ലാ മതേതരത്വ ജനാധിപത്യ വിശ്വാസികളും ഒന്നിച്ച് അണിനിരക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നാലുവർഷക്കാലത്തെ ഇടതുമുന്നണി ഗവൺമെൻറിന്റെ ഭരണ നേട്ടങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള പ്രോഗ്രസ് കാർഡ് ജനങ്ങളുടെ മുന്നാകെ സമർപ്പിച്ചുകൊണ്ട് അഭിമാനകരമായ പദ്ധതികൾ കേരളത്തിന്റെ മണ്ണിൽ നടപ്പാക്കിയ ഈ ഗവൺമെന്റിന് എതിരെ ഒരക്ഷരം പറയാൻ പറ്റാത്ത സാഹചര്യമാണ് കേരളത്തിലെ പ്രതിപക്ഷത്തിന് നിലവിലുള്ളത്. ഈ സാഹചര്യത്തിലാണ് പെൻഷൻ വാങ്ങുന്ന സാധാരണക്കാരായ ആളുകളെ വരെ അധിക്ഷേപിക്കുന്ന പ്രസ്താവന വരെ കോൺഗ്രസിന്റെ ദേശീയ നേതാവിൽനിന്നുപോലും ഉണ്ടായത് എന്നത് വളരെ ശ്രദ്ധേയമാണ്.
ഈ സാഹചര്യത്തിലാണ് അനവസരത്തിൽ നമ്മുടെ മേൽ അടിച്ചേൽപ്പിച്ച നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പ്രാധാന്യം വർധിക്കുന്നത്. ആയതിനാൽ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കരുത്തനായ സാരഥി എം. സ്വരാജിനെ വിജയിപ്പിക്കാൻ മുഴുവൻ പ്രവാസി സമൂഹത്തിന്റെയും അകമഴിഞ്ഞ സഹകരണവും, പിന്തുണയും ഉണ്ടാകണമെന്ന് നാസർ കൊളായി പറഞ്ഞു. ഇടതുപക്ഷ കൂട്ടായ്മ കൺവീനർ സുബൈർ കണ്ണൂരിന്റെ അധ്യക്ഷതയിൽ കൂടിയ കൺവെൻഷനിൽ പ്രതിഭ മുഖ്യരക്ഷാധികാരി പി. ശ്രീജിത്ത്, ലോക കേരള സഭാംഗങ്ങളായ സി.വി. നാരായണൻ, ജേക്കബ് ജോർജ്, നവ കേരള പ്രതിനിധി എസ്.വി. ബഷീർ, എൻ.സി.പി പ്രതിനിധി ഫൈസൽ എഫ്.എം എന്നിവർ സന്നിഹിതരായിരുന്നു. നവ കേരള കോഓഡിനേഷൻ കമ്മിറ്റി സെക്രട്ടറി ഷാജി മൂതല സ്വാഗതം പറഞ്ഞു. ഐ.എൻ.എൽ നേതാവ് മൊയ്തീൻകുട്ടി പുളിക്കൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.