മനാമ: ജെൻഡർ ഇക്വാലിറ്റിയും സ്ത്രീകളുടെ പദവിയും സംബന്ധിച്ച പുതിയ റിപ്പോർട്ടിൽ ബഹ്റൈൻ 18 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഗൾഫ് രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്തെത്തി. വേൾഡ് ഇക്കണോമിക് ഫോറം പുറത്തിറക്കിയ ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് 2023ലാണ് ബഹ്റൈൻ മെച്ചപ്പെട്ട സ്ഥാനംനേടിയത്. 146 രാജ്യങ്ങളെയാണ് റിപ്പോർട്ട് വിലയിരുത്തിയത്. സാമ്പത്തിക അവസരങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, രാഷ്ട്രീയ നേതൃത്വം എന്നീ മേഖലകളിൽ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള വിടവ് കുറക്കുന്നതിന് സ്വീകരിച്ച നടപടികളാണ് വിലയിരുത്തിയത്.
റിപ്പോർട്ടനുസരിച്ച് യു.എ.ഇ 71ാം സ്ഥാനത്തും ബഹ്റൈൻ 113ാം സ്ഥാനത്തുമാണ്, കുവൈത്ത് (120), സൗദി അറേബ്യ (131), ഖത്തർ (133), ഒമാൻ (139) എന്നിങ്ങനെയാണ് മറ്റു ജി.സി.സി രാജ്യങ്ങളുടെ റാങ്കിങ്. കഴിഞ്ഞവർഷത്തെ റിപ്പോർട്ടുമായി താരതമ്യം ചെയ്യുമ്പോൾ 18 സ്ഥാനങ്ങളാണ് ബഹ്റൈൻ മെച്ചപ്പെടുത്തിയത്. ഇത്രയും മെച്ചപ്പെട്ട ഏക ഗൾഫ് രാജ്യമാണ് ബഹ്റൈൻ.
കുവൈത്ത് 10 സ്ഥാനങ്ങളും ഖത്തർ നാലു സ്ഥാനങ്ങളും മെച്ചപ്പെടുത്തി. ബഹ്റൈൻ ലിംഗവ്യത്യാസം 66.6 ശതമാനം കുറച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ വിഷയത്തിൽ ആഗോള ശരാശരി 68 ശതമാനമാണ്. ബഹ്റൈൻ, കുവൈത്ത്, ലബനാൻ എന്നീ രാജ്യങ്ങളിൽ സ്ത്രീകളുടെ പാർലമെന്ററി സ്ഥാനങ്ങൾ ഗണ്യമായ തോതിൽ വർധിച്ചു. അതേസമയം, ഇസ്രായേലിലും തുനീഷ്യയിലും സ്ത്രീകളുടെ പാർലമെന്ററി പങ്കാളിത്തത്തിൽ കുറവാണുണ്ടായത്. മന്ത്രിസ്ഥാനങ്ങളുടെ കണക്ക് പരിശോധിച്ചാൽ തുനീഷ്യ, ബഹ്റൈൻ, മൊറോക്കോ എന്നിവിടങ്ങളിൽ 20 ശതമാനത്തിലധികം സ്ത്രീകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.