മനാമ: ബഹ്റൈനിലെ പ്രശസ്ത സംഗീതജ്ഞനായ ഹുസാം അസീം (ഫ്ലിപ്പറാച്ചി) തന്റെ 'എഫ്.എ9.എൽ.എ' (ഫാസ്ല) എന്ന സൂപ്പർഹിറ്റ് ഗാനത്തിലൂടെ ഗിന്നസ് വേൾഡ് റെക്കോഡിലിടം നേടിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള സംഗീതപ്രേമികൾക്കിടയിൽ തരംഗമായ ഈ ഗാനം ബിൽബോർഡ് അറേബ്യയുടെ ചാർട്ടുകളിൽ അമ്പരപ്പിക്കുന്ന മുന്നേറ്റം നടത്തിയതിനാണ് ഈ അംഗീകാരം ലഭിച്ചത്. ഒരു ഗാനത്തിലൂടെ ഏറ്റവും കൂടുതൽ ബിൽബോർഡ് അറേബ്യ ചാർട്ടുകളിൽ ഒന്നാം സ്ഥാനത്തെത്തിയ കലാകാരൻ എന്ന റെക്കോഡാണ് ഫ്ലിപ്പറാച്ചി സ്വന്തമാക്കിയത്. ഗിന്നസ് വേൾഡ് റെക്കോഡ്സിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
നാല് പ്രധാന ചാർട്ടുകളിലാണ് 'എഫ്.എ9.എൽ.എ' ഒന്നാമതെത്തിയത്. 2024ൽ പുറത്തിറങ്ങിയ ഈ ഗാനം തുടക്കത്തിൽ ഗൾഫ് മേഖലയിൽ മാത്രം ഒതുങ്ങിനിന്ന ഒന്നായിരുന്നു. എന്നാൽ, ബോളിവുഡ് സൂപ്പർതാരങ്ങളായ രൺവീർ സിങ്ങും അക്ഷയ് ഖന്നയും അഭിനയിച്ച 'ധുരന്ധർ' എന്ന ബിഗ് ബജറ്റ് ചിത്രത്തിൽ ഈ ഗാനം ഉപയോഗിച്ചതോടെയാണ് ഗാനം ആഗോളതലത്തിൽ വൈറലായത്. സിനിമയിലെ നായകന്മാരുടെ ഇൻട്രോ രംഗത്തിൽ ഈ ഗാനം ഉൾപ്പെടുത്തിയത് ആരാധകർക്കിടയിൽ വലിയ തരംഗമായി. ബഹ്റൈനിൽനിന്നുള്ള ഒരു കലാകാരൻ ഇത്തരമൊരു ആഗോള നേട്ടം കൈവരിക്കുന്നത് രാജ്യത്തെ കലാസാംസ്കാരിക മേഖലക്ക് വലിയ അഭിമാനമാണ് നൽകുന്നത്. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ഫ്ലിപ്പറാച്ചിക്ക് സോഷ്യൽ മീഡിയയിലൂടെ ആശംസകൾ അറിയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.