ഇറാഖ് പുറത്തുവിട്ട ഭൂപടം
മനാമ: ഐക്യരാഷ്ട്രസഭയിൽ ഇറാഖ് സമർപ്പിച്ച പുതിയ ഭൂപടത്തിലും നിർദേശാങ്കങ്ങളിലും കുവൈത്തിന്റെ സമുദ്രാതിർത്തി ഉൾപ്പെടുത്തിയതിൽ ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം കടുത്ത ആശങ്ക രേഖപ്പെടുത്തി. ഇറാഖിന്റെ ഈ നടപടി കുവൈത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ബഹ്റൈൻ വ്യക്തമാക്കി.
കുവൈത്തിന്റെ അധീനതയിലുള്ള ‘ഫഷ്ത് അൽ ഖൈദ്’, ‘ഫഷ്ത് അൽ ഐജ്’ തുടങ്ങിയ സമുദ്രഭാഗങ്ങളിൽ ഇറാഖ് അവകാശവാദം ഉന്നയിക്കുന്നതിനെ ബഹ്റൈൻ അപലപിച്ചു. കുവൈത്തിന്റെ സമുദ്രമേഖലയിലുള്ള പൂർണമായ പരമാധികാരത്തെ ബഹ്റൈൻ പിന്തുണച്ചു.
മറ്റു കക്ഷികൾ ഉന്നയിക്കുന്ന ഏതൊരു അവകാശവാദത്തെയും രാജ്യം കർശനമായി തള്ളിക്കളയുന്നതായും മന്ത്രാലയം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധവും ജനങ്ങൾക്കിടയിലുള്ള സാഹോദര്യവും കണക്കിലെടുത്ത് ഇറാഖ് ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ബഹ്റൈൻ ആവശ്യപ്പെട്ടു.
1982ലെ ഐക്യരാഷ്ട്രസഭയുടെ ‘ലോ ഓഫ് ദി സീ’ കൺവെൻഷനിലെ വ്യവസ്ഥകളും അന്താരാഷ്ട്ര നിയമങ്ങളും ഇറാഖ് പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ഓർമിപ്പിച്ചു. നിലവിലുള്ള ഉഭയകക്ഷി കരാറുകൾക്കും ധാരണപത്രങ്ങൾക്കും വിരുദ്ധമായ നടപടികളിൽ നിന്ന് ഇറാഖ് പിന്തിരിയണമെന്നും ബഹ്റൈൻ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.