ഉൽപന്ന കയറ്റുമതിയിൽ 73% വളർച്ച: റിപ്പോർട്ട് പുറത്തുവിട്ട് ‘എക്‌സ്‌പോർട്ട് ബഹ്‌റൈൻ'

മനാമ: ബഹ്‌റൈനിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും കയറ്റുമതിയിൽ വൻ വളർച്ച രേഖപ്പെടുത്തിയതായി ‘എക്‌സ്‌പോർട്ട് ബഹ്‌റൈൻ’. രാജ്യത്തെ 35-ലധികം സ്ഥാപനങ്ങളുടെ വിജയഗാഥകളും നേട്ടങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ റിപ്പോർട്ടിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് ഈ വിവരങ്ങളുള്ളത്.

2024-നും 2025-നും ഇടയിൽ ബഹ്‌റൈനിൽ നിന്നുള്ള കയറ്റുമതിയിൽ 73 ശതമാനത്തിന്റെ അസാധാരണ വളർച്ചയാണ് രേഖപ്പെടുത്തിയത്. സ്ഥാപിതമായതു മുതൽ 2025 അവസാനിക്കുന്നത് വരെ 1.3 ശതകോടി ഡോളറിലധികം മൂല്യമുള്ള കയറ്റുമതി നടപടികൾ എക്‌സ്‌പോർട്ട് ബഹ്‌റൈൻ വഴി പൂർത്തിയാക്കി.

87 വിഭാഗങ്ങളിലായി സൗദി അറേബ്യ, യു.എസ്.എ, ഇന്ത്യ ഉൾപ്പെടെ ലോകത്തെ 102-ലധികം വിപണികളിലേക്ക് ബഹ്‌റൈൻ ഉൽപ്പന്നങ്ങളും സേവനങ്ങളും എത്തിക്കാൻ സാധിച്ചു. 65-ലധികം പ്രാദേശിക, അന്തർദേശീയ പങ്കാളിത്ത കരാറുകളുടെ പിൻബലത്തിലാണ് ഈ നേട്ടം. ആഗോള റീട്ടെയിൽ ശൃംഖലകൾ വഴിയുള്ള അന്താരാഷ്ട്ര വിൽപ്പന സംരംഭത്തിലൂടെ എട്ട് ദശലക്ഷത്തിലധികം ഡോളറും, ഇ-കോമേഴ്സ് വ്യാപാരത്തിലൂടെ 5,13,000 ഡോളറിലധികം വരുമാനവും നേടാനായി. കൂടാതെ, കയറ്റുമതിക്കാർക്കായി 129-ലധികം ശിൽപശാലകളും പരിശീലന പരിപാടികളും സംഘടിപ്പിച്ചു. 9 പ്രാദേശിക ഇവന്റുകളിലും 23 അന്താരാഷ്ട്ര മേളകളിലും ബഹ്‌റൈൻ കമ്പനികളുടെ പങ്കാളിത്തം ഉറപ്പാക്കി.

കയറ്റുമതി മേഖലയിൽ പുതിയ സംരംഭകർക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ആദ്യമായി കയറ്റുമതി നടത്തുന്നവർ 17 ശതമാനവും, വനിതകൾ നയിക്കുന്ന സ്ഥാപനങ്ങൾ 30 ശതമാനവും, യുവാക്കളുടെ സംരംഭങ്ങൾ 20 ശതമാനവുമാണ്. ഈ മികവിന് പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ മുപ്പതിലധികം പുരസ്കാരങ്ങളും എക്‌സ്‌പോർട്ട് ബഹ്‌റൈൻ സ്വന്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - Export Bahrain Hits New Milestones

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.