മനാമ: ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും ശക്തമായ സാമ്പത്തികവളർച്ച കൈവരിക്കുന്ന രാജ്യങ്ങളിൽ ഒന്നായി ബഹ്റൈൻ മാറുന്നു. പലിശനിരക്കുകൾ കുറയുന്നതും എണ്ണ ഉൽപാദനം വർധിക്കുന്നതും വൈവിധ്യവത്കരണ പ്രവർത്തനങ്ങളിലെ സ്ഥിരതയുമാണ് ഈ വളർച്ചക്ക് കാരണം. 2024ൽ ജി.സി.സി രാജ്യങ്ങളുടെ സാമ്പത്തികപ്രകടനത്തിൽ യു.എ.ഇ.ക്ക് പിന്നിൽ രണ്ടാം സ്ഥാനമാണ് ബഹ്റൈൻ നേടിയത്. 2025ലും ഈ സ്ഥാനം നിലനിർത്താൻ രാജ്യം ഒരുങ്ങുകയാണ്.
വിപണി ഗവേഷണ സ്ഥാപനമായ കാപ്പിറ്റൽ ഇക്കണോമിക്സിന്റെ കണക്കനുസരിച്ച്, 2026ൽ ബഹ്റൈന്റെ യഥാർഥ ജി.ഡി.പി വളർച്ച 3.4 ശതമാനമായി ഉയരും. വർധിച്ച ക്രൂഡ് ഓയിൽ ഉൽപാദനവും എണ്ണ ഇതര മേഖലകളിലെ ശക്തമായ മുന്നേറ്റവുമാണ് ഇതിന് കാരണം. ധനകാര്യ-ദേശീയ സാമ്പത്തിക മന്ത്രാലയം 2025ൽ എണ്ണ ഇതര സമ്പദ്വ്യവസ്ഥയിൽ 4.4 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. റിഫൈനിങ് മേഖലയിലെ വളർച്ചയും ഇതിൽ ഉൾപ്പെടുന്നു.
എണ്ണ വരുമാനം ഇപ്പോഴും രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയായി നിലകൊള്ളുന്നു. ഫിച്ച് റേറ്റിങ്സ് പറയുന്നതനുസരിച്ച്, സർക്കാർ വരുമാനത്തിന്റെ 60 ശതമാനത്തിലധികവും എണ്ണ മേഖലയിൽ നിന്നാണ്. സിത്ര റിഫൈനറിയിലെ ഉൽപാദന ശേഷി 2023ലെ പ്രതിദിനം 2,67,000 ബാരലിൽ നിന്ന് 2024ൽ 3,00,000 ബാരലായി വർധിച്ചു. 2025 അവസാനത്തോടെ ഇത് 4,00,000 ബാരലായി ഉയർത്താനാണ് എസ് ആൻഡ് പി ഗ്ലോബൽ കമോഡിറ്റി ഇൻസൈറ്റ്സ് ലക്ഷ്യമിടുന്നത്.
ആഗോള വിതരണ ശൃംഖലകളിലെ മാറ്റങ്ങളും അമേരിക്കയുമായുള്ള അടുത്ത ബന്ധവും ബഹ്റൈന് അനുകൂലമായ ഘടകങ്ങളാണ്. അലുമിനിയം, സ്റ്റീൽ എന്നിവയുടെ ഏറ്റവും വലിയ കയറ്റുമതി രാജ്യങ്ങളിൽ ഒന്നാണ് ബഹ്റൈൻ.
ജി.ഡി.പിയുടെ ഒരു വിഹിതം എന്ന നിലയിൽ ഏറ്റവും കൂടുതൽ നേരിട്ടുള്ള വിദേശനിക്ഷേപം ആകർഷിക്കുന്ന ഗൾഫ് രാജ്യവും ബഹ്റൈനാണ്. മികച്ച നിയമവ്യവസ്ഥ, കുറഞ്ഞ പ്രവർത്തന ചെലവ്, പ്രഫഷനൽ വൈദഗ്ധ്യമുള്ള തൊഴിലാളികൾ എന്നിവയാണ് വിദേശ നിക്ഷേപകരെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.