മനാമ: രാജ്യത്തെ ആദ്യത്തെ കോഫി ഫെസ്റ്റിവലായ ‘ബഹ്റൈൻ കോഫി ഫെസ്റ്റിവൽ 2025’ ഡിസംബർ 9 മുതൽ 13 വരെ ബഹ്റൈൻ ഇന്റർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കും.
ബഹ്റൈനിലെ കോഫി സംസ്കാരത്തിന് ഒരു പുതിയതലം നൽകിക്കൊണ്ട്, ഡി.എക്സ്.ബി ലൈവ്, ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.കല, നവീകരണം, ആഗോള കാപ്പി സംസ്കാരം എന്നിവ ആഘോഷിക്കുക എന്നതാണ് ഈ ഫെസ്റ്റിവലിന്റെ ലക്ഷ്യം.
മികച്ചയിനം സ്പെഷാലിറ്റി ബ്രൂകളും നൂതനമായ ബ്രൂവിങ് രീതികളും ഓരോ കപ്പിന് പിന്നിലെ കരകൗശല വൈദഗ്ധ്യവും ഇവിടെ ശ്രദ്ധേയമാകും. വളരുന്ന കാപ്പി വ്യവസായമേഖലയിൽ പുതിയ അവസരങ്ങളും പങ്കാളിത്തങ്ങളും കണ്ടെത്താൻ പ്രാദേശിക, അന്തർദേശീയ നിക്ഷേപകർക്ക് ഈ ഫെസ്റ്റിവൽ ഒരു മികച്ച വേദിയാകും. സാംസ്കാരിക, ജീവിതശൈലി ഇവന്റുകൾക്കുള്ള ഊർജസ്വലമായ ഒരു ലക്ഷ്യസ്ഥാനമായി ബഹ്റൈനെ അടയാളപ്പെടുത്താനും ഈ പരിപാടി സഹായിക്കും.
ഉത്സവത്തിൽ നിരവധി രസകരവും സൗഹൃദപരവുമായ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള പ്രശസ്ത ബാരിസ്റ്റകളും വ്യവസായ വിദഗ്ധരും നയിക്കുന്ന പ്രത്യേക വർക്ക്ഷോപ്പുകളിൽ പങ്കെടുക്കാനുള്ള അവസരം സന്ദർശകർക്ക് ലഭിക്കും. ഫ്ലേവർ അനാലിസിസ് (രുചി വിശകലനം), അറോമ പ്രൊഫൈലിങ് (സുഗന്ധം തിരിച്ചറിയൽ), ഒരു കപ്പിലെ വെള്ളവും കാപ്പിയും തമ്മിലുള്ള ബന്ധം തുടങ്ങിയ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് ഉൾക്കാഴ്ച നേടാനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.