അന്താരാഷ്ട്ര യുവജനദിന ആഘോഷത്തിൽ പങ്കെടുത്തവർ
മനാമ: യൂത്ത് സിറ്റി 2030 വേദിയിൽ അന്താരാഷ്ട്ര യുവജനദിനം ആഘോഷിച്ച് ബഹ്റൈൻ. "സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കായുള്ള പ്രാദേശിക യുവജന പ്രവർത്തനങ്ങൾ" എന്ന പ്രമേയത്തിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ കാര്യ, കൃഷി മന്ത്രി വഈൽ ബിൻ നാസർ അൽ മുബാറക്ക്, ലേബർ ഫണ്ട് ചീഫ് എക്സിക്യൂട്ടിവ് മഹാ അബ്ദുൽ ഹമീദ് മൊഫീസ് എന്നിവർ പങ്കെടുത്തു. ബഹ്റൈനിലെ യുവാക്കളുടെ സംഭാവനകളിൽ തനിക്ക് അഭിമാനമുണ്ടെന്ന് യുവജനകാര്യ മന്ത്രി റവാൻ ബിൻത് നജീബ് തൗഫികി പറഞ്ഞു. അവരുടെ ദൃഢനിശ്ചയവും നവീകരണ ശേഷിയും രാജ്യത്തിന്റെ ഭാവിക്കുവേണ്ടിയുള്ള നിർണായക പങ്ക് വഹിക്കുന്നതായും അവർ അഭിപ്രായപ്പെട്ടു. പരിപാടിയുടെ ഭാഗമായി യുവാക്കളുടെ കഴിവുകളും നവീകരണങ്ങളും പ്രദർശിപ്പിച്ചു.
പ്രാദേശിക കാർഷിക ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ബഹ്റൈനിലെ ആദ്യത്തെ ‘യുവ കർഷകരുടെ മാർക്കറ്റ്’ ആരംഭിച്ചത് ചടങ്ങിന്റെ പ്രധാന ആകർഷണമായിരുന്നു.'ഫ്രം ഫാം ടു ടേബിൾ' എന്ന പാചകാനുഭവം, 'മൈ ക്ലീൻ പ്ലേറ്റ്', 'സീറോ വേസ്റ്റ് ആൻഡ് പ്ലാസ്റ്റിക് ക്യൂർ' തുടങ്ങിയ സുസ്ഥിരത പ്രോജക്ടുകളും ഇതിൽ അവതരിപ്പിച്ചു.2025ലെ യുവ സംരംഭക മത്സരത്തിലെ വിജയികളെയും പ്രഖ്യാപിച്ചു. പരിസ്ഥിതി സുസ്ഥിരതയിലും വികസനത്തിലും നൂതനമായ ആശയങ്ങൾ അവതരിപ്പിച്ച സ്റ്റാർട്ടപ്പുകളാണ് മത്സരത്തിൽ വിജയികളായത്. ഫൈസൽ അൽ അൻസാരിയുടെ 'നഗ്മത്ത് അൽഷബാബ്' എന്ന കലാപ്രകടനത്തോടെയാണ് പരിപാടികൾ സമാപിച്ചത്.രാജ്യത്തിന്റെ സുസ്ഥിര വികസനത്തിനായി യുവാക്കളെ ശാക്തീകരിക്കാനുള്ള ബഹ്റൈന്റെ പ്രതിബദ്ധതയെയാണ് ആഘോഷം പ്രതിഫലിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.