ബഹ്റൈൻ വ്യോമപാത; വിമാന സർവിസുകൾ സാധാരണ നിലയിൽ തുടരുന്നു

മനാമ: ബഹ്‌റൈൻ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജ്യണിന്റെ (എഫ്.ഐ.ആർ) എയർ നാവിഗേഷൻ സിസ്റ്റം ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തെ തുടർന്നും രാജ്യത്തെ വിമാന സർവീസുകൾ തടസ്സങ്ങളില്ലാതെ സാധാരണ നിലയിൽ തുടരുന്നതായി സിവിൽ ഏവിയേഷൻ അഫയേഴ്‌സ് (സി.എ.എ) അറിയിച്ചു.

ആക്രമണത്തെ തുടർന്ന് അംഗീകൃത സുരക്ഷാ-പ്രവർത്തന നടപടിക്രമങ്ങൾ പാലിച്ച് അധികൃതർ ഉടൻ തന്നെ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും, നാവിഗേഷൻ സേവനങ്ങളും വ്യോമഗതാഗത സുരക്ഷയും ഉറപ്പാക്കുകയും ചെയ്തിരുന്നു. രാജ്യാന്തര സംഘടനകളുമായി ചേർന്ന് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.

രാജ്യത്തെ പൊതുസ്ഥലങ്ങൾ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ തുടർച്ചയായി നടത്തുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് ജനറൽ കമാൻഡ് അപലപിച്ചു. ബഹ്‌റൈന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇന്നലെ തന്നെ നിരവധി വ്യോമാക്രമണങ്ങൾ വിജയകരമായി തടയുകയും തകർക്കുകയും ചെയ്തുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഇതിനിടയിൽ, വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ഇറാനും അമേരിക്കയും നയതന്ത്ര ശ്രമങ്ങൾ പുനരാരംഭിക്കാൻ ലക്ഷ്യമിടുന്നതിന്റെ സൂചനകൾ പുറത്തുവരുന്നുണ്ട്. സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി മധ്യസ്ഥർ വഴി 10 ദിവസത്തെ വെടിനിർത്തൽ നിർദ്ദേശം ടെഹ്‌റാനു ലഭിച്ചതായി ഒരു മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തി.

ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിലെത്താൻ ലക്ഷ്യമിട്ടുള്ള നയതന്ത്ര ചർച്ചകൾ സജീവമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയവും സൂചിപ്പിച്ചു. അമേരിക്കയുടെ വ്യോമാക്രമണങ്ങളും ഇറാനിയൻ റെവല്യൂഷണറി ഗാർഡിന്റെ പ്രത്യാക്രമണങ്ങളും മേഖലയിൽ തുടരുന്നതിനിടയിലാണ് ഈ പുതിയ നയതന്ത്ര നീക്കങ്ങൾ.

Tags:    
News Summary - Bahrain airspace; Flight services continue as normal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.