ബുധനാഴ്ച വൈകിട്ടാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട അധികാരികളുമായി നിരന്തരം ഏകോപനം നടത്തുന്നുണ്ടെന്നും സിവിൽ ഏവിയേഷൻ അഫയേഴ്സ് വ്യക്തമാക്കി. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വ്യോമഗതാഗതം സുഗമമായി മുന്നോട്ട് കൊണ്ടുപോകാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
വ്യോമ പാത തുറന്നതിനാൽ ബഹ്റൈൻ വിമാനത്താവളവും എത്രയും വേഗത്തിൽ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേഖലയിൽ നിലനിന്നിരുന്ന സംഘർഷ സാധ്യതകൾ കണക്കിലെടുത്താണ് വിമാന ഗതാഗതത്തിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. വ്യോമപാത സാധാരണ നിലയിലായത് പ്രവാസികളടക്കമുള്ള ആയിരക്കണക്കിന് വിമാന യാത്രക്കാർക്ക് വലിയ ആശ്വാസമാകും. സർവീസുമായ ബന്ധപ്പെട്ട വിവരങ്ങൾ എയർപോർട്ട് സൈറ്റുകളോ എയർലൈൻ കമ്പനികളുടെ സൈറ്റുകളോ സന്ദർശിക്കണം.
വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കാൻ ശ്രമം
മനാമ: വ്യോമ പാത തുറന്നതോടെ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം ഘട്ടംഘട്ടമായി സാധാരണ നിലയിലാക്കാനുള്ള ശ്രമത്തിലാണെന്ന് എയർപോർട്ട് ഓപ്പറേറ്ററായ ബഹ്‌റൈൻ എയർപോർട്ട് കമ്പനി (ബി.എ.സി) അറിയിച്ചു.
യാത്രക്കാരുടെ സുരക്ഷയ്ക്കും സുഗമമായ യാത്രയ്ക്കും മുൻഗണന നൽകിക്കൊണ്ട് വിവിധ പങ്കാളികളുമായി സഹകരിച്ച് വിമാന സർവീസുകൾ പുനഃസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ബി.എ.സി വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ സർവീസുകൾ തടസ്സപ്പെട്ട പശ്ചാത്തലത്തിൽ, യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി തങ്ങളുടെ വിമാനത്തിന്റെ പുതുക്കിയ സമയവിവരങ്ങൾ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.