ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ പ്രമേയം പരാജയപ്പെട്ടു; കടുത്ത അതൃപ്തി രേഖപ്പെടുത്തി ബഹ്‌റൈൻ

മനാമ: ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനായി ബഹ്‌റൈൻ മുന്നോട്ടുവെച്ച കരട് പ്രമേയം ഐക്യരാഷ്ട്രസഭ രക്ഷാസമിതി തള്ളിയതിനെ തുടർന്ന് കടുത്ത അതൃപ്തി രേഖപ്പെടുത്തി ബഹ്‌റൈൻ. യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് വേണ്ടി ബഹ്‌റൈൻ അവതരിപ്പിച്ച പ്രമേയമാണ് രക്ഷാസമിതി പരാജയപ്പെടുത്തിയത്.

രക്ഷാസമിതിയുടെ നിലപാടിൽ ബഹ്‌റൈൻ വിദേശകാര്യ മന്ത്രിയും ഈ മാസത്തെ രക്ഷാസമിതി അധ്യക്ഷനുമായ ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി കടുത്ത ഖേദം രേഖപ്പെടുത്തി. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിൽ രക്ഷാസമിതി പരാജയപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രി കുറ്റപ്പെടുത്തി. ഇറാന്‍റെ നിയമവിരുദ്ധമായ നടപടികളെ ഗൗരവത്തോടെ കാണുന്നതിൽ സമിതി വീഴ്ച വരുത്തിയതായും അദ്ദേഹം പറഞ്ഞു.

പ്രമേയത്തിൽ സമവായമുണ്ടാക്കാൻ എല്ലാ അംഗരാജ്യങ്ങളുമായും ചർച്ചകൾ നടത്തിയിരുന്നു. വോട്ടെടുപ്പ് പോലും ഇതിനായി മാറ്റിവെച്ചെങ്കിലും ഫലമുണ്ടായില്ല. തങ്ങൾ ഈ സംഘർഷത്തിന്‍റെ ഭാഗമല്ലെന്ന് വ്യക്തമാക്കിയ മന്ത്രി, സിവിൽ മേഖലകളെയും ഊർജ്ജ കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ചുള്ള ഇറാന്‍റെ ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും ആവർത്തിച്ചു.

കടലിടുക്കിലെ അസ്ഥിരത മൂലം ആഗോളതലത്തിൽ ഭക്ഷ്യ, ഗതാഗത, ഊർജ്ജ വിലകൾ വർധിക്കുന്നത് ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യു.എൻ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം സ്വന്തം പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ബഹ്‌റൈനും മറ്റ് ഗൾഫ് രാജ്യങ്ങൾക്കും അവകാശമുണ്ടെന്ന് ഡോ. അബ്ദുല്ലത്തീഫ് അൽ സയാനി വ്യക്തമാക്കി. സമാധാനത്തിനായി രാജ്യം ഇതുവരെ കാട്ടിയ ക്ഷമക്ക് പരിധിയുണ്ടെന്നും, നിയമവിരുദ്ധമായ ഇത്തരം നടപടികൾ തടയാൻ നയതന്ത്ര ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Resolution fails in UN Security Council; Bahrain expresses strong dissatisfaction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.