ലോഗോ പ്രകാശന ചടങ്ങിൽനിന്ന്
മനാമ: ബഹ്റൈനിൽ നടക്കുന്ന മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിന്റെ ലോഗോ പ്രകാശനം ചെയ്തു.
റിറ്റ്സ്-കാൾട്ടൺ ഹോട്ടലിൽ നടന്ന ചടങ്ങിൽ ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി ചെയർമാനും യുവജന, കായിക സുപ്രീം കൗൺസിൽ ഒന്നാം വൈസ് ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ പങ്കെടുത്തു.
ഗെയിംസിന്റെ വിജയത്തിനായി എല്ലാ പിന്തുണയും നൽകുന്ന രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും കായിക വികസനത്തിനായി അഹോരാത്രം പ്രയത്നിക്കുന്ന കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ നന്ദി പറഞ്ഞു.
യുവാക്കളിലെ കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ശ്രമിക്കുന്ന മാനുഷിക കാര്യങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെ ശ്രമങ്ങളെയും അദ്ദേഹം അനുസ്മരിച്ചു.
ഐക്യവും സമാധാനവും വർധിപ്പിക്കാനായി കായികത്തെ ബഹ്റൈൻ ഉപയോഗിക്കുമെന്നും ഗെയിംസ് നടത്തിപ്പിനായി ബഹ്റൈനെ തിരഞ്ഞെടുത്തതിന് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയോട് കടപ്പാടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗെയിംസിന്റെ ചരിത്രവും ബഹ്റൈന്റെ സാംസ്കാരിക നേട്ടങ്ങളും ഉൾപ്പെടുന്ന വിഡിയോ ചടങ്ങിൽ പ്രദർശിപ്പിച്ചു. അനാച്ഛാദനം ചെയ്ത ലോഗോയിൽ അറബി ലിപി, ഒളിമ്പിക് നിറങ്ങൾ, സൂര്യചിഹ്നം, ബഹ്റൈനെ പ്രതിനിധീകരിക്കുന്ന സൂചകം എന്നിവയുണ്ട്. ഈ വർഷം ഒക്ടോബർ 22 മുതൽ 30 വരെ നടക്കുന്ന ഗെയിംസിൽ 45 രാജ്യങ്ങളിൽനിന്നുള്ള കായിക താരങ്ങൾ 15 വേദികളിലായി മാറ്റുരക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.