മനാമ : ഇന്ത്യയിൽ നടന്ന ഏഷ്യൻ യോഗ ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി ബഹ്റൈനി സഹോദരങ്ങൾ. ചാമ്പ്യൻഷിപ്പിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ 21കാരനായ അഹ്മദ് ബെഹ്സാദ്, 19കാരനായ ബെഹ്സാദുമാണ് രാജ്യത്തിന്റെ കീർത്തിയുയർത്തിയത്.
ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി സ്പോർട്സ് കോംപ്ലക്സിൽ ഇന്ത്യൻ യുവജനകാര്യ കായിക മന്ത്രാലയം സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ ബഹ്റൈന് പുറമെ ജി.സി.സി രാജ്യങ്ങളായ ഒമാൻ, ഖത്തർ, യു.എ.ഇ എന്നിവരുൾപ്പെടെ ആകെ 21 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ പങ്കെടുത്തിരുന്നു. ഖദീസിയയിലെ തംകീൻ യൂത്ത് സെന്ററിന്റെ ഭാഗമായി രാജ്യത്തെ പ്രതിനിധീകരിച്ച 14 അംഗ സംഘത്തിലെ അംഗങ്ങളായിരുന്നു ഇരുവരും. സംഘത്തിലെ ആറ് താരങ്ങൾ വിവധ ഇനങ്ങളിലായി ഏഴ് മെഡലുകളും സ്വന്തമാക്കി.
ബെസ്റ്റ് ഓർഗനൈസ്ഡ് ഡെലിഗേഷൻ അവാർഡും സംഘാംഗമായ സരാർ ദഷ്തി ഇന്റർനാഷനൽ റഫറി സർട്ടിഫിക്കറ്റും യോഗ പരിശീലനത്തിനുള്ള ലൈസൻസും കരസ്ഥമാക്കി. തയാറെടുപ്പുകൾക്ക് വേണ്ടത്ര സമയം കണ്ടെത്താതിരുന്നതും കടുത്ത മത്സരം നേരിടേണ്ടി വന്നിട്ടും സ്ഥാനങ്ങൾ നേടാനായതിന്റെ സന്തോഷം അഹ്മദ് ബെഹ്സാദ് പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.
ഈ നേട്ടം ഹമദ് രാജാവിനും ബഹ്റൈനിലെ ജനങ്ങൾക്കും തംകീൻ യൂത്ത് സെന്ററിലെ മറ്റ് പ്രവർത്തകർക്കും സമർപ്പിക്കാൻ ഞാനും സഹോദരനും ആഗ്രഹിക്കുന്നതായും അഹ്മദ് പറഞ്ഞു.അടുത്ത വർഷത്തെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ഈ വിജയം ഞങ്ങളെ പ്രചോദിപ്പിച്ചു. ഇത്തവണത്തേക്കാൾ മികച്ച രീതിയിൽ അടുത്തതവണ ഞങ്ങൾ ശ്രമിക്കുമെന്നും അഹ്മദ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.