ഇസ്തംബുളിൽ ചേർന്ന അറബ് വിദേശകാര്യ മന്ത്രിമാരുടെ അസാധാരണ യോഗത്തിൽ ബഹ്റൈൻ പ്രതിനിധികൾ
മനാമ: ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് അറബ് വിദേശകാര്യ മന്ത്രിമാർ. ഇസ്രായേൽ നടപടി ഇറാന്റെ പരമാധികാരത്തിനു നേരെയുള്ള ആക്രമണവും പ്രാദേശിക സമാധാനത്തിനും സുരക്ഷക്കും ഭീഷണിയുമാണെന്നും വിശേഷിപ്പിച്ചു.സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്നും സമാധാനം കൈവരിക്കുന്നതിനുമുള്ള പ്രാദേശിക, അന്തർദേശീയ ശ്രമങ്ങൾ ശക്തമാക്കണമെന്നും ഇസ്തംബുളിൽ ചേർന്ന അസാധാരണ യോഗത്തിൽ മന്ത്രിമാർ ആവശ്യപ്പെട്ടു. ഇസ്തംബുളിൽ ശനിയാഴ്ച നടക്കുന്ന ഓർഗനൈസേഷൻ ഓഫ് ഇസ്‍ലാമിക് കോഓപറേഷൻ (ഒ.ഐ.സി) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനു മുമ്പായിരുന്നു യോഗം. ജോർഡൻ വിദേശകാര്യ മന്ത്രി അയ്മദ് സഫാദി അധ്യക്ഷത വഹിച്ചു.
അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിനും അനുസൃതമായ നയതന്ത്രവും സംഭാഷണവുമാണ് പ്രതിസന്ധി പരിഹരിക്കാനുള്ള ഏക മാർഗം. ഇതിനായി ഇടപെടാൻ അന്താരാഷ്ട്ര സമൂഹത്തോടും യു.എൻ രക്ഷാ കൗൺസിലിനോടും യോഗം ആവശ്യപ്പെട്ടു. ഗസ്സയിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുക, സഹായം എത്തിക്കുക, വെസ്റ്റ് ബാങ്കിലെ നിയമവിരുദ്ധമായ അധിനിവേശ നടപടികൾ നിർത്തുക എന്നിവയും ആവശ്യപ്പെട്ടു. അധിനിവേശം മേഖലയെ സംഘർഷത്തിലേക്കും പിരിമുറുക്കത്തിലേക്കും തള്ളിവിടുകയാണെന്ന് അറബ് വിദേശകാര്യ മന്ത്രിമാർ മുന്നറിയിപ്പ് നൽകി. സമ്മേളനത്തിൽ ബഹ്‌റൈനെ പ്രതിനിധാനംചെയ്ത് വിദേശകാര്യ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി അംബാസഡർ ഖാലിദ് യൂസിഫ് അൽ ജലഹ്മ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.