മനാമ: ബദാം ഫെസ്റ്റിവൽ വൻ വിജയമായതിനെത്തുടർന്ന് രാജ്യത്താകമാനം ബദാം മരങ്ങൾ വെച്ചുപിടിപ്പിക്കാനൊരുങ്ങുകയാണ് കൃഷി മന്ത്രാലയം. അതിന്റെ ഭാഗമായി മുഹറഖിലെ പാർക്കുകളിലും പൂന്തോട്ടങ്ങളിലും നടപ്പാതകളിലും ബദാം തൈകൾ നട്ടു. മുഹറഖ് മുനിസിപ്പൽ കൗൺസിലുമായി സഹകരിച്ചും മുഹറഖ് പാർക്ക്സ് ഫ്രണ്ട്സിന്റെയും ഇസ്ലാമിക് അസോസിയേഷന്റെയും പങ്കാളിത്തത്തോടെയും മുഹറഖ് മുനിസിപ്പാലിറ്റിയാണ് നേതൃത്വം നൽകുന്നത്.
ആദ്യഘട്ടത്തിൽ അറാദ് വാക്ക്വേയിൽ തൈകൾ നട്ടു. തുടർന്ന് ഓൾഡ് മുഹറഖിലെ അലാദ്ദീൻ പബ്ലിക്ക് പാർക്കിലും തൈകൾ നട്ടു. മുഹറഖ് ഗവർണറേറ്റിൽ 50 പാർക്കുകളും പൂന്തോട്ടങ്ങളും നടപ്പാതകളുമാണുള്ളത്. ഓരോ പാർക്കിലും നടപ്പാതയിലും 20 ബദാം തൈകൾ വീതം നടുമെന്നും ഗവർണറേറ്റിലെ ഗാർഡനിലും ബദാം വെച്ചുപിടിപ്പിക്കുമെന്നും അറാദ് കൗൺസിലർ കൂടിയായ അഹമ്മദ് അൽ മഖ്ഹവി പറഞ്ഞു. ബദാമിന് വലിയ ആവശ്യക്കാരുണ്ട്. വ്യവസായമെന്ന നിലയിൽ ബദാം ഉൽപന്നങ്ങളുടെ നിർമാണം നടത്താനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്താദ്യമായി ഈ മാസം ആദ്യവാരം ബദാം ഫെസ്റ്റിവൽ സംഘടിപ്പിച്ചിരുന്നു. ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിലെ ബഹ്റൈൻ ഫാർമേഴ്സ് മാർക്കറ്റിലാണ് ഫെസ്റ്റിവൽ നടന്നത്. നാഷനൽ ഇനിഷ്യേറ്റിവ് ഫോർ അഗ്രികൾചറൽ ഡെവലപ്മെന്റ് (എൻ.ഐ.എ.ഡി), ബഹ്റൈൻ അഗ്രികൾചറൽ കോഓപറേറ്റിവ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് മന്ത്രാലയം പരിപാടി സംഘടിപ്പിച്ചത്.
ഇനി മുതൽ എല്ലാ വർഷവും ഫെസ്റ്റിവൽ നടക്കുമെന്ന് അന്ന് പ്രഖ്യാപിച്ചിരുന്നു. ബദാം പ്രദർശനത്തിനുപുറമെ ബദാം വിഭവങ്ങളുമായി നാല് റസ്റ്റാറന്റുകളും ഫെസ്റ്റിവലിൽ പങ്കെടുത്തു. ബദാം അടിസ്ഥാനമാക്കിയുള്ള ഉൽപന്നങ്ങളും പ്രദർശിപ്പിക്കും. ബദാം വിത്തുകൾ വിതരണം ചെയ്യാനും കാർഷിക മന്ത്രാലയത്തിന് പദ്ധതിയുണ്ട്. ബദാം കൃഷി പ്രോത്സാഹിപ്പിക്കുക, വിപണി കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഫെസ്റ്റിവൽ നടത്തിയത്.
മുഹറഖിൽ നടന്ന ചടങ്ങിൽ കൗൺസിൽ ഫിനാൻഷ്യൽ, അഡ്മിനിസ്ട്രേറ്റിവ്, ലെജിസ്ലേറ്റിവ് കമ്മിറ്റി ചെയർമാൻ ഫദേൽ അൽ ഔദ്, ഹിദ്ദ് കൗൺസിലർ മുഹമ്മദ് അൽ മഖ്ഹവി എന്നിവരും പങ്കെടുത്തു. പഴയകാല ബഹ്റൈനെയാണ് ഈ ഉദ്യമം തന്നെ ഓർമിപ്പിക്കുന്നതെന്ന് ഇസ്ലാമിക് അസോസിയേഷൻ ബോർഡ് ചെയർമാൻ ഡോ.ശൈഖ് അബ്ദുല്ലത്തീഫ് അൽ ശൈഖ് പറഞ്ഞു. അക്കാലത്ത് ഇടവഴികളിലും റോഡുകളിലും ബദാം മരങ്ങൾ നിറഞ്ഞിരുന്നു. ബദാം മരം 35 മീറ്റർ വരെ ഉയരത്തിൽ വളരും.
ബദാമിൽ കാർബോഹൈഡ്രേറ്റ് കുറവാണ്. എന്നാൽ പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ്, നാരുകൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഛർദി, വയറിളക്കം മുതൽ കരൾ രോഗങ്ങൾ വരെയുള്ളവയുടെ ചികിത്സക്കായി ബദാം ഇലകളും പുറംതൊലിയും ഹെർബൽ മരുന്നുകളിൽ ഉപയോഗിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.