മനാമ: ഏതെങ്കിലും നിയമവിരുദ്ധ പ്രവർത്തനം വഴി വിമാനയാത്രികർക്ക് അപകടമുണ്ടായാൽ നഷ്ടപരിഹാരം ലഭിക്കാനുതകുന്ന ഫണ്ട് രൂപവത്കരിക്കാനായി യാത്രക്കാരിൽ നിന്ന് പുതിയ നികുതി ഇൗടാക്കിയേക്കും. ഇതിനായുള്ള അന്താരാഷ്ട്ര കരാറിൽ ബഹ്റൈൻ ഒപ്പുവച്ചേക്കുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ചുരുങ്ങിയത് 35 രാജ്യങ്ങൾ അംഗീകാരം നൽകിയാൽ മാത്രമേ കരാർ നടപ്പിലാകൂ. ഇൗ രാജ്യങ്ങളിൽ നിന്ന് പ്രതിവർഷം മൊത്തം 750 ദശലക്ഷം പേരെങ്കിലും യാത്രചെയ്യുന്നുണ്ടാവുകയും വേണം. ‘ഇൻറർനാഷണൽ കൺവെൻഷൻ ഒാൺ കോംപൻസേഷൻ ഫോർ ഡാമേജ് ടു തേഡ് പാർട്ടീസ്’ എന്നാണ് ഇത് അറിയപ്പെടുന്നത്. കൺവെൻഷന് ശൂറ കൗൺസിൽ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിട്ടുണ്ട്.
ചില അംഗങ്ങളുടെ എതിർപ്പ് മറികടന്നാണ് അംഗീകാരം നൽകിയത്. ജനങ്ങളുടെ പക്കൽ നിന്ന് പണം പറ്റാനുള്ള അടവാണിതെന്നാണ് വിമർശകർ ഉന്നയിച്ച ആരോപണം. നിലവിൽ 17 രാജ്യങ്ങൾ ഇതിന് അംഗീകാരം നൽകിയിട്ടുണ്ട്.ഇൻഷുറൻസ് കമ്പനികൾ നഷ്ടപരിഹാരത്തുക നൽകാൻ ബാധ്യസ്ഥരാണെന്നിരിക്കെ വീണ്ടുമൊരു കൺവെൻഷനിൽ ഒപ്പുവെക്കേണ്ട കാര്യമില്ലെന്ന് ശൂറ കൗൺസിൽ അംഗം ശൈഖ് ആദിൽ അൽ മഅ്വദ പറഞ്ഞു. ഇത് യാത്രക്കാർക്ക് അധിക ഭാരമാകുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നികുതി ഇൗടാക്കുന്ന നിർദേശം അംഗീകാരത്തിനായി രാജാവിന് സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.