മനാമ: സുരക്ഷിതമല്ലാത്ത ഡ്രൈവിങ് ശീലങ്ങൾക്ക് കടിഞ്ഞാണിടാൻ ലക്ഷ്യമിട്ട് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിന്റെ 500 സ്മാർട്ട് ട്രാഫിക് കാമറകൾ സ്ഥാപിക്കുന്ന പദ്ധതിയുടെ പരീക്ഷണഘട്ടം കഴിഞ്ഞദിവസം ആരംഭിച്ചു. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനുള്ള തങ്ങളുടെ വിപുലമായ തന്ത്രത്തിന്റെ ഭാഗമായാണ് ഈ പൈലറ്റ് പദ്ധതി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പ്രഖ്യാപിച്ചത്. പദ്ധതിയുടെ പൂർണമായ നടപ്പാക്കലിന് മുമ്പായി, തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ കാമറകൾ സ്ഥാപിച്ച് അവയുടെ പ്രകടനം, സാങ്കേതിക കാര്യക്ഷമത, നിലവിലുള്ള സംവിധാനങ്ങളുമായുള്ള സംയോജനം എന്നിവ വിലയിരുത്തും.
ബിയോൺ സൊല്യൂഷൻസ് നൽകുന്ന ഈ പുതിയ എ.ഐ പവേർഡ് കാമറകൾ വഴി ട്രാഫിക് നിയമലംഘനങ്ങൾ കൃത്യമായി കണ്ടെത്താനും ട്രാഫിക് ലൈറ്റുകൾ കൺട്രോൾ റൂമുമായി ബന്ധിപ്പിക്കാനും കഴിയും. രാജ്യത്തിന്റെ അടിസ്ഥാനസൗകര്യങ്ങൾ നവീകരിക്കാനും ഗതാഗതനിയമലംഘനങ്ങൾ കുറക്കാനുമുള്ള സർക്കാറിന്റെ വലിയ ശ്രമങ്ങളുടെ ഭാഗമാണിത്. ഡിസംബർ മുതൽ പരീക്ഷണം തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്, എന്നാൽ നിശ്ചയിച്ചതിലും നേരത്തേയാണ് നിലവിൽ പദ്ധതി ആരംഭിച്ചത്. അശ്രദ്ധമായ ഡ്രൈവിങ്ങിന് തടയിടാനായി പിഴയും തടവും ഉൾപ്പെടെയുള്ള കർശനമായ ശിക്ഷകൾ ഉൾപ്പെടുത്തി 2014ലെ ട്രാഫിക് നിയമത്തിൽ കഴിഞ്ഞ ആഗസ്റ്റിൽ ബഹ്റൈനിൽ ഭേദഗതി വരുത്തിയിരുന്നു.
മദ്യപിച്ച് വാഹനമോടിച്ചയാൾ മൂലമുണ്ടായ അപകടത്തെ തുടർന്ന് കഴിഞ്ഞ മേയിൽ ബഹ്റൈൻ ദമ്പതികളും ഒരു കുട്ടിയും കൊല്ലപ്പെട്ട സംഭവം രാജ്യത്ത് വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഈ കർശന നിയമങ്ങൾ നടപ്പാക്കിയത്. സുരക്ഷ, സിവിൽ പട്രോളിങ്ങുകൾ ശക്തിപ്പെടുത്തുന്നതിലൂടെയും നിയമങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിലൂടെയും നിയമം ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നടപടികളും ഇതിന്റെ ഭാഗമായി സ്വീകരിക്കുന്നുണ്ട്.camera
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.