മനാമ: സ്വകാര്യ സ്കൂളുകൾ സ്വദേശിവത്കരണ േക്വാട്ട പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ, ഓരോ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റിനും 500 ദിനാർ ഫീസ് ഈടാക്കുമെന്ന് സർക്കാർ പ്രഖ്യാപനം. അറബിക്, ഇസ്ലാമിക്, സോഷ്യൽ സ്റ്റഡീസ് അധ്യാപക തസ്തികകളിൽ സ്വദേശികളെ നിയമിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും വിദേശ തൊഴിലാളികളുടെ ഫീസിന്റെ 80 ശതമാനം ദേശീയ തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ തംകീൻ വഴി കൈമാറ്റം ചെയ്യുന്നതിനും വേണ്ടിയാണ് ഈ നീക്കം.
പാർലമെൻറിന് നൽകിയ മറുപടിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. യോഗ്യരായ ബഹ്റൈനി അധ്യാപകരുടെ ലിസ്റ്റ് സ്വകാര്യ സ്കൂളുകൾക്ക് നൽകിയിട്ടുണ്ടെന്നും സ്വദേശികൾക്ക് നിയമനത്തിൽ മുൻഗണന നൽകണമെന്ന് അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
വിദേശ തൊഴിലാളികളുടെ ഫീസിന്റെ 80 ശതമാനം തുകയും സ്വകാര്യമേഖലയിലെ സ്വദേശി നിയമനങ്ങളെ പിന്തുണക്കുന്നതിനായി ലേബർ ഫണ്ട് ആയ തംകീൻ വഴി കൈമാറ്റം ചെയ്യും. ബഹ്റൈൻ ടീച്ചേഴ്സ് കോളജിലെ പരിശീലനകാല പ്രോഗ്രാമിലൂടെ ദേശീയ അധ്യാപക ശേഷി ശക്തിപ്പെടുത്തുന്നുണ്ടെന്നും സർക്കാർ ഹൈലൈറ്റ് ചെയ്തു. 2024ൽ 600ൽ അധികം ബഹ്റൈനികൾ സ്വകാര്യ സ്കൂളുകളിൽ ജോലിക്ക് പ്രവേശിച്ചു. ഇത് മുൻ വർഷങ്ങളെ അപേക്ഷിച്ച് വർധനയാണ്.
തൊഴിൽ കമ്പോളത്തിന്റെ ആവശ്യകതകൾക്കനുസൃതമായി വിദ്യാഭ്യാസ ഫലങ്ങൾ ക്രമീകരിക്കുന്നതിനും സ്വദേശി ജീവനക്കാർക്ക് മുൻഗണന നൽകാൻ തൊഴിലുടമകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ നയം ലക്ഷ്യമിടുന്നു. സ്വകാര്യ സ്കൂളുകളിൽ പഠിപ്പിക്കുന്നതിന് ആവശ്യമായ പരിശീലന മാർഗങ്ങളും സർട്ടിഫിക്കറ്റുകളും വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് നടക്കുന്നുണ്ട്.
സ്വകാര്യവിദ്യാഭ്യാസം ഉൾപ്പെടെ എല്ലാ മേഖലകളിലും സ്വദേശിവത്കരണ േക്വാട്ട ബാധകമാണ്. ഈ േക്വാട്ട പാലിക്കാത്ത സ്ഥാപനങ്ങളിൽ, ഓരോ വിദേശ വർക്ക് പെർമിറ്റിനും 500 ദീനാർ ഫീസ് ഈടാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.