മനാമ: ബഹ്റൈനിലെ സ്കൂൾ പാഠ്യപദ്ധതിയിൽ എ.ഐയും സൈബർ സുരക്ഷയും ഉൾപ്പെടുത്തണമെന്ന നിർദേശത്തിന് പാർലമെന്റ് സേവന സമിതിയുടെ പച്ചക്കൊടി. വർധിച്ചു വരുന്ന ഡിജിറ്റൽ ലോകത്ത് വിദ്യാർഥികളെ അനുയോജ്യമായ രീതിയിൽ പ്രാപ്തമാക്കേണ്ടതിന്റെ ആവശ്യകതയെ ചൂണ്ടിക്കാട്ടിയാണ് സേവന സമിതി നിർദേശത്തിന് പിന്തുണ നൽകിയത്. പാഠ്യപദ്ധതിയിൽ നിർമിത ബുദ്ധിയും സൈബർ സുരക്ഷയും ഔദ്യോഗികമായി ചേർക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെട്ട് എം.പി മുഹമ്മദ് മൂസയാണ് നിർദേശം സമർപ്പിച്ചത്. വിഷയം ചൊവ്വാഴ്ച ചേരുന്ന പ്രതിവാര പാർലമെന്റ് യോഗത്തിൽ ചർച്ചക്കിടും.
പദ്ധതി നടപ്പായാൽ വിദ്യാർഥികൾക്ക് ആധുനിക സാങ്കേതിക വിദ്യയിൽ ശക്തമായ അടിത്തറ നൽകാൻ കഴിയുമെന്നും കാലാനുസൃതമായി മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ യുഗത്തിൽ ജോലികൾക്ക് ആവശ്യമായ രൂപത്തിൽ അവർപ്രാപ്തമാകുമെന്നും പാർലമെന്റിന് സമിതി സമർപ്പിച്ച റിപ്പോർട്ടിൽ സൂചിപ്പിച്ചു.
ഡിജിറ്റൽ വിദ്യാഭ്യാസം വിപുലീകരണത്തിനായി വിദ്യാഭ്യാസ മന്ത്രാലയം നിലവിൽ ശ്രമിക്കുന്നുണ്ടെന്നും ഐ.ടി, അപ്ലൈഡ് സയൻസ് തുടങ്ങിയ പാഠങ്ങളിൽ എ.ഐയും സൈബർ സുരക്ഷയും ഇതിനോടകം ചേർത്തിട്ടുണ്ടെന്നും മന്ത്രാലയം രേഖാമൂലം നിർദേശത്തെ ഉദ്ധരിച്ച് മറുപടി പറഞ്ഞു.
കൂടാതെ സ്ക്രാച്ച്, പൈത്തൺ പ്രോഗ്രാമുകളും ഡേറ്റ സുരക്ഷ, ഡേറ്റ സംരക്ഷണം, ഡിജിറ്റൽ ധാർമികത എന്നിവയും ഇതിനോടകം വിദ്യാർഥികളെ പാഠപുസ്തകത്തിലൂടെ പരിചയപ്പെടുത്തുന്നുണ്ടെന്നും 2023-26 വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാണ് എ.ഐ പഠനം വ്യാപിപ്പിക്കുക എന്നതെന്നും മന്ത്രാലയം അറിയിച്ചു. നിലവിലെ പാഠങ്ങൾ വിഷയങ്ങളെ ചെറിയ രീതിയിലെങ്കിലും പരാമർശിച്ചു പോകുന്നുണ്ടെങ്കിലും കൂടുതൽ ഘടനാപരമായ പാഠങ്ങൾ ഉൾപ്പെടുത്തേണ്ട പ്രേരണയുണ്ടെന്നും അവർ റിപ്പോർട്ടിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.