വിമാനാപകട സ്ഥലത്ത് നടക്കുന്ന രക്ഷാപ്രവർത്തനങ്ങൾ
മനാമ: ഇന്ത്യ കണ്ട ഏറ്റവും വലിയ വിമാനദുരന്തങ്ങളിലൊന്നിൽ ഞെട്ടലും നടുക്കവുമായി ബഹ്റൈനിലെ പ്രവാസി സംഘടനകൾ. ഒരുപാട് സ്വപ്നങ്ങളുമായി വിദേശത്തേക്ക് പറന്നുയർന്ന പ്രിയപ്പെട്ട നിരവധി പേർ നഷ്ടമായ വലിയൊരു വിമാനാപകടമാണ് അഹ്മദാബാദ് സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തിലുണ്ടായത്. 242 യാത്രക്കാരുമായി യാത്രതിരിച്ച വിമാനത്തിലെ ഒരാളൊഴികെ എല്ലാവരും മരിച്ചെന്ന വാർത്ത അതീവദുഃഖകരമാണ്. ആകാശദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർതലത്തിൽ നടപടികളുണ്ടാവണമെന്ന് ആവശ്യപ്പെടുന്ന സംഘടനകൾ ദുരന്തത്തിനിരയായവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
ഗുജറാത്തിലെ അഹ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ അപകടത്തിൽ മരിച്ച എല്ലാ സഹോദരങ്ങൾക്കും ബഹ്റൈൻ എ.കെ.സി.സിയുടെ ആദരാഞ്ജലികൾ അർപ്പിച്ചു. മരിച്ച ഏക മലയാളി രഞ്ജിതക്കും സംഘടന പ്രണാമമർപ്പിച്ചു. അതിഭീകരമായ ദുരന്തത്തിന്റെ ആഴം തിരിച്ചറിഞ്ഞ് ഇനിയും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കരുതൽ വ്യോമയാന മന്ത്രാലയം സ്വീകരിക്കണമെന്ന് എ.കെ.സി.സി ബഹ്റൈൻ കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി ജീവൻ ചാക്കോ സംസാരിച്ചു.
ഗുജറാത്തിലെ അഹ്മദാബാദില്‍ നിന്ന് യു.കെയിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം പൊട്ടിത്തെറിച്ച് 242 പേര് മരണത്തിന് കീഴടങ്ങിയ വാര്‍ത്ത ഞെട്ടലുണ്ടാക്കുന്നതാണെന്നും സഹിക്കാന്‍ കഴിയുന്നതിനപ്പുറമാണെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടേയും രാജ്യത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നതായി ബഹ്റൈന്‍ ഒ.എന്‍.സി.പി ഭാരവാഹികള്‍ അനുശോചനക്കുറിപ്പിൽ അറിയിച്ചു.
മഹാദുരന്തത്തിന് കാരണമായ പിശക് എന്താണെന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ കണ്ടുപിടിച്ച് രാജ്യത്തെ മുഴുവന്‍ വിമാനങ്ങള്‍ക്കും അറ്റകുറ്റപ്പണി നടത്തി സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് പറന്നെത്താനുള്ള നിലവാരവും പ്രവര്‍ത്തനക്ഷമതയും ബന്ധപ്പെട്ടവര്‍ ഉറപ്പാക്കേണ്ടതുണ്ടെന്നും, ദുരന്തത്തിന് കാരണക്കാരായവര്‍ ഉത്തരവാദപ്പെട്ട സഥാനങ്ങളില്‍ നിന്ന് രാജി വെച്ചൊഴിയണമെന്നും ബഹ്റൈന്‍ ഒ.എന്‍.സി.പി പ്രസിഡന്റ് എഫ്.എം. ഫൈസല്‍, ഭാരവാഹികളായ രജീഷ് എട്ടുകണ്ടത്തില്‍, സിജേഷ് മുക്കാളി, സാജിര്‍ ഇരിവേരി എന്നിവര്‍ സംയുക്തമായിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
അഹ്മദാബാദിലെ എയർ ഇന്ത്യ വിമാനാപകടം ഹൃദയഭേദകമാണെന്ന് ഐ.സി.എഫ് ഇന്റർനാഷനൽ കമ്മിറ്റി നേതാക്കൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു. യാത്രക്കാരുടെയും ജീവനക്കാരുടെയും കുടുംബങ്ങൾ അനുഭവിക്കുന്ന വേദന സങ്കൽപിക്കാൻപോലും പ്രയാസമാണ്. ദുരന്തത്തിൽ ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും ഈ ദുഷ്കരമായ സമയത്ത് ദുഃഖിതരായ കുടുംബത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നതായി ഐ.സി.എഫ് അറിയിച്ചു.
ലണ്ടനില്‍ നഴ്സായി ജോലി ചെയ്യുന്ന കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോണ്‍ വീട്ടില്‍ രഞ്ജിത ആര്. നായർ ഉൾപ്പെടെയുള്ള പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. വിമാനദുരന്തത്തില്‍പെട്ടവരുടെ കുടുംബത്തിന്റെയും നാടിന്റെയും ദുഃഖത്തിൽ ഐ.വൈ.സി.സി ബഹ്റൈൻ പങ്കുചേരുന്നു. നിര്‍ഭാഗ്യകരമായ ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി അനുശോചന കുറിപ്പിൽ സൂചിപ്പിച്ചു.
നാടിനെ നടുക്കിയ അതിദാരുണമായ അഹ്മദാബാദ് വിമാനദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് മുഹറക്ക് മലയാളി സമാജം ആദരാഞ്ജലി അർപ്പിച്ചു. മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെയും നാടിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അനുശോചനക്കുറിപ്പിൽ ഭാരവാഹികൾ അറിയിച്ചു.
രാജ്യത്തെ നടുക്കിയ അതിദാരുണമായ അഹ്മദാബാദ് വിമാനദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ അർപ്പിച്ചു. മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെയും നാടിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായി ഭാരവാഹികൾ അനുശോചനക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.