ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള കരാർ; ട്രംപിനെ അഭിനന്ദിച്ച് ഹമദ് രാജാവ്

മനാമ: ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാൻ ധാരണയായ കരാറിൽ യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് അഭിനന്ദന സന്ദേശമയച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. മേഖലയിൽ സമാധാനം ഉറപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

ഈ നേട്ടം സുസ്ഥിരത കൈവരിക്കുന്നതിനും മേഖലയിലെ സമാധാന പ്രക്രിയയെ പിന്തുണക്കുന്നതിനും വേണ്ടിയുള്ള പോസിറ്റീവായ ചുവടുവെപ്പാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കരാറിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും ബഹ്‌റൈന്റെ പിന്തുണ ആവർത്തിച്ചുറപ്പിച്ചു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മിഡിൽ ഈസ്റ്റിനും ലോകത്തിനും ഒരുപോലെ ചരിത്രപരമായ സമാധാന ദിനമാണ് ഈ കരാറെന്ന് പ്രിൻസ് സൽമാൻ പറഞ്ഞു. മിഡിൽ ഈസ്റ്റിലെ സമാധാനത്തിനായുള്ള ട്രംപിന്റെ അചഞ്ചലമായ പിന്തുണക്കും ഈ സുപ്രധാന കരാർ ഉറപ്പാക്കുന്നതിലെ അദ്ദേഹത്തിന്റെ നേരിട്ടുള്ള പങ്കിനും രാജാവിന്റെയും സ്വന്തം പേരിലുള്ള കൃതജ്ഞത അദ്ദേഹം അറിയിച്ചു.

കരാർ പൂർണമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംഘർഷത്തിൽ ഏർപ്പെട്ട എല്ലാ കക്ഷികളും അവരുടെ പ്രതിബദ്ധതകളും ഉത്തരവാദിത്തങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യം കിരീടാവകാശി ഊന്നിപ്പറഞ്ഞു. കരാർ യാഥാർഥ്യമാക്കാൻ സഹായിച്ച മധ്യസ്ഥരുടെ ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

സമഗ്ര സുരക്ഷാ ഏകീകരണവും സമൃദ്ധി കരാർ പോലുള്ള സംയുക്ത കരാറുകളിലൂടെ ബഹ്‌റൈൻ-യു.എസ് ബന്ധത്തിന്റെ കരുത്ത് വർധിപ്പിക്കുന്നത് തുടരുമെന്നും, പൊതു ലക്ഷ്യങ്ങളെ പിന്തുണക്കുന്നതിനായി ഉഭയകക്ഷി പങ്കാളിത്തം കൂടുതൽ മെച്ചപ്പെടുത്താനുള്ള പരസ്പര പ്രതിബദ്ധതയും പ്രിൻസ് സൽമാൻ ഉറപ്പിച്ചുപറഞ്ഞുകൊണ്ടാണ് സംഭാഷണം അവസാനിപ്പിച്ചത്.

 

Tags:    
News Summary - Agreement to end the war in Gaza; King Hamad congratulates Trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.