‘അച്ഛൻമാഷ്’ റിലീസിനൊരുങ്ങുന്നു

മനാമ: പ്രശസ്ത നടൻ എം.ആർ. ഗോപകുമാർ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ‘അച്ഛൻമാഷ്’ എന്ന ചിത്രം തിയറ്റർ റിലീസിനൊരുങ്ങുന്നു. ഈ ചിത്രത്തിന്റെ റിലീസ് ദിനത്തിൽ തന്നെ, 3ഡി എ.ഐ പ്രത്യേകതകളുള്ള ‘സ്റ്റാർസ് ഇൻ ദി ഡാർക്നസ്’ എന്ന ചിത്രം ദാനാ മാളിലെ എപിക്സ് തിയറ്ററിൽ റീ-റിലീസും ചെയ്യും. എടത്തോടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് പുറത്തിറക്കിയ ‘സ്റ്റാർസ് ഇൻ ദി ഡാർക്നസ്’ ഇതിനോടകം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രം അമ്പതിലേറെ അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.

‘സ്റ്റാർസ് ഇൻ ദി ഡാർക്നസി’ന്റെ കഥ, തിരക്കഥ, സംവിധാനം നിർവഹിച്ച ലിനി സ്റ്റാൻലിയാണ് പുതിയ ചിത്രം ‘അച്ഛൻമാഷി’ന്റെയും കഥയും സംവിധാനവും കൈകാര്യം ചെയ്യുന്നത്. ലിൻസ ഫിലിം കോൺവെക്സ് മീഡിയയുടെ സഹകരണത്തോടെ പ്രദർശനത്തിനൊരുങ്ങുന്ന ചിത്രങ്ങളുടെ ഉദ്ഘാടനച്ചടങ്ങിൽ, മലയാളത്തിലെ പ്രശസ്ത സംവിധായകൻ തുളസിദാസ് മുഖ്യാതിഥിയായി എത്തും. ചടങ്ങിനോടനുബന്ധിച്ച്, ലിനി സ്റ്റാൻലിയുടെ തിരക്കഥയിൽ തുളസിദാസ് സംവിധാനം ചെയ്യുന്ന പുതിയ ഫീച്ചർ ഫിലിമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കും.

ഫിലിമിന്റെ സംവിധായിക ലിനി സ്റ്റാൻലി, സന്തോഷ് കെ. നായർ, ഹരീഷ് നായർ, ഷിനോയ് പുളിക്കൽ, റോയ് ഫ്രാൻസിസ് ദാസ്, വിനു ക്രിസ്റ്റി, പ്രിറ്റി റോയ്, ഡോ. അരുൺ, ഷാജി പൊഴിയൂർ, തോമസ് ഫിലിപ്പ്, സജി ലൂയിസ്, സിജി ഫിലിപ്പ്, സ്റ്റാൻലി തോമസ്, വിനോദ് ആറ്റിങ്ങൽ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന എക്സ്കോം കമ്മിറ്റി മീറ്റിങ്ങിലാണ് പ്രദർശനവും അനുബന്ധ പരിപാടികളും സംബന്ധിച്ച രൂപരേഖ തയാറാക്കിയത്.

Tags:    
News Summary - ‘Acchanmash’ is gearing up for release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.