അബൂബക്കർ ഇരിങ്ങണ്ണൂരിന് ഗഫൂൾ സ്വലാത്ത് മജ്ലിസ് യാത്രയയപ്പ് നൽകുന്നു
മനാമ: 1987 മുതൽ ഗൾഫ് പ്രവാസത്തിൽ ബഹ്റൈനിലെ സാമൂഹിക-ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായിരുന്ന അബൂബക്കർ ഇരിങ്ങണ്ണൂരിന് ഊഷ്മളമായ യാത്രയയപ്പ് നൽകി. മൂന്നര പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അദ്ദേഹത്തെ സെൽമാനിയ ഗഫൂൾ സ്വലാത്ത് മജ്ലിസിന്റെ ആഭിമുഖ്യത്തിലാണ് ആദരിച്ചത്.
പ്രമേയം, രാഷ്ട്രീയം, പാവപ്പെട്ടവൻ, പണക്കാരൻ എന്ന വകതിരിവുകളില്ലാതെ മനുഷ്യൻ എന്ന ബോധ്യത്തിൽനിന്നുകൊണ്ട് സഹായങ്ങൾ ചെയ്യാനാണ് അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചത്. ബഹ്റൈനിലെ ജീവകാരുണ്യമേഖലയിൽ പ്രവർത്തിക്കുന്ന നിരവധി നേതാക്കൾ പല വിഷയങ്ങൾക്കായി അദ്ദേഹവുമായി ബന്ധപ്പെടാറുണ്ടായിരുന്നു. മുതിർന്നവരിൽ മാത്രമല്ല, കുട്ടികളിൽ പോലും മാനവികതയുടെ സന്ദേശം നിലച്ചുപോകുമ്പോൾ ഗൾഫ് പ്രവാസികളിൽ കണ്ടുവരുന്ന ഐക്യവും മതേതര സ്വഭാവവും വിലമതിക്കാനാവാത്തതാണെന്ന് മറുപടി പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. ‘നമ്മുടെ സ്വരാജ്യത്തും ഇങ്ങനെയുള്ള ഐക്യമാണ് വേണ്ടത്. അതിനുവേണ്ടി പ്രവാസിസംഘടനകൾ കൈകോർക്കണം," എന്ന അദ്ദേഹത്തിന്റെ സന്ദേശം എന്നും ഓർമിക്കപ്പെടേണ്ടതാണ്.
സെൽമാനിയ ഗഫൂൾ സ്വലാത്ത് മജ്ലിസിൽ നടന്ന മാസാദ്യ ഖുതുബിയത്തിനോട് അനുബന്ധിച്ചായിരുന്നു യാത്രയയപ്പ് ചടങ്ങ്. മജ്ലിസ് ചെയർമാൻ സയ്യിദ് പൂക്കോയ തങ്ങൾ ബാഫഖി, സയ്യിദ് ഷംഷാദ് തങ്ങൾ ബാഫഖി, സിദ്ദീഖ് മുസ്ലിയാർ തഴവ, ഉമർ ആലുവ, അബ്ദുഷുക്കൂർ കണ്ണൂർ, അഫ്നാസ്, മിർഷാദ്, മൊയ്തീൻ പേരാമ്പ്ര, അസ്കർ, ഷാഹിദ്, വാഹിദ്, സുധീർ, നസീർ, റഷീദ് പതിയാരക്കര, സത്താർ, ശരീഫ്, അബ്ദുസ്സലാം, അഷ്റഫ് മർജാൻ, മൊയ്ദു, റഫീഖ് കണ്ണൂർ, ലത്തീഫ് തുടങ്ങി നിരവധി പ്രമുഖവ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.