സാഖിറിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നു
മനാമ: സാഖിറിൽ ക്യാമ്പിങ്ങിനെത്തിയവർ ഉപേക്ഷിച്ച മാലിന്യത്തിന്റെ അളവിൽ ഈ വർഷം 40 ശതമാനം വർധനയുണ്ടായതായി റിപ്പോർട്ട്. ഉർബാസർ ബഹ്റൈൻ ക്ലീനിങ് കമ്പനിയുടെ സഹായത്തോടെ സതേൺ മുനിസിപ്പാലിറ്റിയാണ് മാലിന്യം നീക്കം ചെയ്തത്.
കഴിഞ്ഞ വർഷം നവംബർ 20ന് തുടങ്ങി ഈ വർഷം ഫെബ്രുവരി 20ന് അവസാനിച്ച 2024-2025ലെ ക്യാമ്പിങ് സീസണിന് ശേഷം സാഖിർ മേഖലയിൽനിന്ന് ഇതുവരെ 7,619 ടൺ മാലിന്യം നീക്കം ചെയ്തു. ക്ലീനർമാർ, ലൈറ്റ്-ഹെവി വാഹനങ്ങൾ എന്നിവ ഉപയോഗിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. സ്ഥലത്ത്നിന്ന് പ്രതിദിനം ശരാശരി 3,400 ടൺ മാലിന്യം നീക്കം ചെയ്തിട്ടുണ്ട്.
കൂടാതെ, ഉപേക്ഷിക്കപ്പെട്ട ഫർണിച്ചറുകൾ, ടെന്റുകൾ, നിർമാണ സാമഗ്രികൾ എന്നിവ ഏകദേശം 4,219 ടൺ വരും. ക്യാമ്പിങ് സൈറ്റുകൾ വൃത്തിയാക്കാൻ ദിവസവും ക്ലീനിങ് ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെന്നും, മാലിന്യം പരിസ്ഥിതിക്ക് ദോഷകരമാകാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. അടുത്ത മാസത്തോടെ 2,300 ടൺ കൂടി മാലിന്യം നീക്കം ചെയ്യാൻ ലക്ഷ്യമിടുന്നുണ്ട്.കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മാലിന്യത്തിന്റെ അളവിൽ വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്.
ഏകദേശം 10,000 ടൺ മാലിന്യം ഈ സീസണിൽ നീക്കം ചെയ്യേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. പ്രകൃതി സംരക്ഷിക്കുന്നതിനായി എല്ലാ മാലിന്യവും ശരിയായ രീതിയിൽ സംസ്കരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. വന്യജീവികളെ സംരക്ഷിക്കുന്നതിനും, മരുഭൂമിയിലെ ശുചിത്വം ഉറപ്പാക്കുന്നതിനും വിവിധ സിവിൽ സൊസൈറ്റി സംഘടനകളുമായി സഹകരിച്ച് പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും സതേൺ മുനിസിപ്പാലിറ്റി അറിയിച്ചു. ക്യാമ്പിങ് സീസൺ അവസാനിച്ചതിന് ശേഷവും മാലിന്യം ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നത് ആശങ്കാജനകമാണെന്ന് അധികൃതർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.