ബഹ്റൈൻ ഫുട്ബാൾ ടീം പരിശീലനത്തിനിടെ
മനാമ: ലോകകപ്പ് ഫുട്ബാൾ യോഗ്യത പ്രതീക്ഷകൾ നഷ്ടപ്പെട്ട ബഹ്റൈൻ ഇന്ന് ചൈനക്കെതിരെ ബൂട്ട് കെട്ടും. ചൈനയിലെ ലോങ്സിങ് സ്റ്റേഡിയത്തിൽ ബഹ്റൈൻ പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 2 മണിക്കാണ് മത്സരം. സൗദിക്കെതിരെ കഴിഞ്ഞ അഞ്ചാം തീയതി സ്വന്തം തട്ടകത്തിലേറ്റുവാങ്ങിയ തോൽവിയോടെ ബഹ്റൈന്റെ പ്രതീക്ഷകൾ അസ്തമിച്ചിരുന്നു. ഗ്രൂപ് സിയിൽ നിലവിൽ അഞ്ചാം സ്ഥാനത്ത് തന്നെയാണ് ബഹ്റൈന്റെ സ്ഥാനം. ആറാം സ്ഥാനത്തുള്ള ചൈനയുമായി ആശ്വാസ വിജയം കരസ്ഥമാക്കാനാണ് ബഹ്റൈന്റെ ശ്രമം.
ഗ്രൂപ് സിയിൽ ബഹ്റൈന് മൂന്ന് എവേ മാച്ചുകളും ഒരും ഹോം മാച്ചുമടക്കം നാല് മത്സരങ്ങളാണുണ്ടായിരുന്നത്. അതിൽ ജപ്പാനോടും ഇന്തോനേഷ്യയോടും ഏറ്റുമുട്ടിയ ആദ്യ രണ്ട് എവേ മാച്ചുകളിലും സൗദിക്കെതിരെ കളിച്ച ഹോം മത്സരത്തിലും പരാജയ രുചിയറിഞ്ഞ ടീമിന് ഇന്നത്തെ മത്സരം നിർണായകമല്ല. ഗ്രൂപ് സിയിൽ നിലവിൽ ആദ്യ സ്ഥാനക്കാരായ ജപ്പാൻ ഇതിനോടകം നേരിട്ട് ലോകകപ്പ് യോഗ്യത നേടിയിട്ടുണ്ട്. ലോകകപ്പിന് ആതിഥേയർക്ക് പുറമെ ആദ്യം യോഗ്യത നേടിയ ടീമും ജപ്പാനാണ്. 20 പോയന്റുമായി ഗ്രൂപ് സിയിൽ ജപ്പാൻതന്നെയാണ് മുമ്പിൽ. തൊട്ടുതാഴെ ആസ്ട്രേലിയ നിലയുറപ്പിച്ചിട്ടുണ്ട്.
ഗ്രൂപ് സിയിലെ ആദ്യ രണ്ട് സ്ഥാനക്കാർക്ക് നേരിട്ട് ലോകകപ്പിന് യോഗ്യത ലഭിക്കും. എന്നാൽ മൂന്നും നാലും സ്ഥാനക്കാർക്ക് നാലാം റൗണ്ട് ക്വാളിഫയറിലേക്ക് യോഗ്യത നേടാനാകും. അതിനുള്ള പോരാട്ടത്തിലാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. 13 പോയന്റുമായി സൗദിയാണ് നിലവിൽ മൂന്നാം സ്ഥാനത്ത്. പ്രതീക്ഷ കൂടുതലും അവർക്കുതന്നെ. എന്നാൽ, വിട്ടുകൊടുക്കാൻ തയാറാകാതെ തൊട്ടു പിറകെ 12 പോയന്റുമായി ഇന്തോനേഷ്യയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.