മനാമ: ‘ഇസ്ലാമും തീവ്രവാദവും’ എന്ന തലക്കെട്ടില്‍ ബഹ്റൈനിലെ മുസ്ലിം സംഘടനകളുടെ കൂട്ടായ്മയായ ‘കോഓഡിനേഷന്‍ കമ്മിറ്റി ഓഫ് മുസ്ലിം അസോസിയേഷന്‍സ്’ (സി.സി.എം.എ.)സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിനിന്‍െറ ഉദ്ഘാടനം ഈ മാസം 30ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇന്ത്യന്‍ ക്ളബില്‍ വൈകീട്ട് എട്ടര മണിക്ക് നടക്കുന്ന പരിപാടി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ എം.എല്‍.എ അബ്ദുറഹ്മാന്‍ രണ്ടത്താണി മുഖ്യപ്രഭാഷണം നടത്തും. കേരളത്തിലെ ചില പ്രദേശങ്ങളില്‍ നിന്നും ഈയിടെ കാണാതായ ചെറുപ്പക്കാരെ കുറിച്ച് അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തുകൊണ്ട് വരുകയും സമുദായത്തെയാകെ സംശയത്തിന്‍െറ മുള്‍മുനയില്‍ നിര്‍ത്തുന്നത് അവസാനിപ്പിക്കുകയും ചെയ്യണമെന്ന് നേതാക്കള്‍ പറഞ്ഞു. താന്‍ ശരിയാണെന്ന് വിശ്വസിക്കുന്ന മതത്തിലേക്കും പ്രത്യയശാസ്ത്രത്തിലേക്കും ആളുകളെ പ്രബോധനം ചെയ്യുക എന്നത് ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന മൗലികാവകാശമാണ്. ഇത് തടയാന്‍ ആര്‍ക്കും അവകാശമില്ല. സാക്കിര്‍ നായിക്കിന്‍െറ ശൈലിയില്‍ ചിലര്‍ക്ക് അഭിപ്രായവിത്യാസമുണ്ടെങ്കിലും അദ്ദേഹത്തെയും മുസ്ലിം സമുദായത്തെയും ഒന്നടങ്കം വേട്ടയാടാന്‍ ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടാവുന്ന ശ്രമങ്ങള്‍ ആശങ്കാജനകമാണ്. ഇസ്ലാം മുന്നോട്ട് വെക്കുന്നത് സ്നേഹത്തിന്‍െറയും സൗഹാര്‍ദ്ദത്തിന്‍െറയും മാനവികതയുടെയും പാഠങ്ങളാണ്. അസഹിഷ്ണുതയോ പരമത ധ്വംസനമോ ഇസ്ലാം അനുവദിക്കുന്നില്ല. ഐ.എസിനും ഭീകരവാദത്തിനും ഇസ്ലാമുമായി യാതൊരു ബന്ധവുമില്ളെന്ന് ലോകത്തെങ്ങുമുള്ള മുസ്ലിം രാഷ്ട്രങ്ങളും നേതാക്കാളും പണ്ഡിതരും നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ‘മധ്യമ സമുദായം’ എന്നാണ് വിശുദ്ധ ഖുര്‍ ആന്‍ ഇസ്ലാമിനെ വിശേഷിപ്പിക്കുന്നത്. മധ്യമനിലപാടില്‍ മാത്രമേ സന്തുലിതത്വം സാധ്യമാവുകയുള്ളൂ. അതില്‍ നിന്ന് വ്യതിചലിച്ചാല്‍ ധ്രുവീകരണം സംഭവിക്കും. ഇസ്ലാമിനെ വിശദമായി പഠിക്കാത്തവരാണ് തീവ്രതയിലേക്ക് ചായുന്നത്. ഇസ്ലാമിനെതിരെ ഭീകരമുദ്ര ചാര്‍ത്തി അസത്യ പ്രചരണങ്ങള്‍ നടത്തുന്ന ചില മാധ്യമനിലപാടുകളും എതിര്‍ക്കേണ്ടതാണ്. രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള ശ്രമങ്ങളും എതിര്‍ക്കപ്പെടണം.പ്രതിപക്ഷ പാര്‍ട്ടികളുമായോ ഉത്തരവാദപ്പെട്ട മതസംഘടനകളോടോ ചര്‍ച്ച ചെയ്യാതെയുള്ള ഈ നീക്കം ഭരണഘടനാവിരുദ്ധമാണ്. കാമ്പയിനിന്‍െറ ഭാഗമായി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ലഘുലേഖ വിതരണം, യുവജന സംഗമങ്ങള്‍, ചര്‍ച്ചാസദസുകള്‍, ടേബ്ള്‍ ടോക്ക്, കോര്‍ണര്‍ മീറ്റുകള്‍, സമാപന സമ്മേളനം, വനിതാസമ്മേളനങ്ങള്‍ തുടങ്ങിയ പരിപാടികളാണ് ഉദ്ദേശിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍, എസ്.വി. ജലീല്‍, ജമാല്‍ നദ്വി ഇരിങ്ങല്‍, ടി.പി.അബ്ദുല്‍ അസീസ്, കുഞ്ഞമ്മദ് വടകര, സി. ഷാജഹാന്‍, എ.പി.സി.അബ്ദുല്ല മുസ്ലിയാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.