പെട്രോള്‍ വില വര്‍ധന: പ്രവാസികളുടെ കുടുംബ ബജറ്റ് താളം തെറ്റും

മനാമ: വൈദ്യുതി- വെള്ളം നിരക്ക് വര്‍ധനക്ക് പുറമെ പെട്രോള്‍ വില കൂടി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതോടെ ബഹ്റൈനിലെ പ്രവാസി കുടുംബങ്ങളുടെ പ്രതിമാസ ബജറ്റ് താളംതെറ്റുമെന്നുറപ്പായി. പെട്രോള്‍ വില ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നെങ്കിലും പുതിയ വൈദ്യുതി- വെള്ളം നിരക്ക് മാര്‍ച്ച് ഒന്ന് മുതലേ നിലവില്‍ വരൂ. 
മുംതാസ് പെട്രോളിന് ലിറ്ററിന് 100 ഫില്‍സില്‍ നിന്ന് 160 ആയും ജയ്യിദിന് 80 ഫില്‍സില്‍ നിന്ന് 125 ആയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഒരുദിനാറിന് മുംതാസ് പെട്രോള്‍ അടിക്കുന്നയാള്‍ക്ക് ഇനി ഒരുദിനാര്‍ 600 ഫില്‍സ് നല്‍കേണ്ടിവരും. രണ്ട് ദിനാറെന്നത് 3.200 ആയും മൂന്ന് ദിനാര്‍ 4.800 ആയും 4 ദിനാര്‍ 6.400 ആയും അഞ്ച് ദിനാറെന്നത് എട്ട് ദിനാറായും ആറ് ദിനാര്‍ 9.600 ദിനാറായും വര്‍ധിക്കും. നാല് ദിനാറിന് ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ചിരുന്നവര്‍ക്ക് 2.400 ദിനാര്‍ അധിക ചെലവ് വരും. ജയ്യിദ് പെട്രോളിനും ആനുപാതിക വര്‍ധനവുണ്ടാകും. 33 വര്‍ഷത്തിന് ശേഷമാണ് ബഹ്റൈനില്‍ പെട്രോളിന് നിരക്ക് വര്‍ധന വരുന്നത്. പെട്രോളിന് വിലക്കുറവായതിനാല്‍ ഭൂരിഭാഗം പേരും കാറിലാണ് യാത്ര ചെയ്യുന്നത്. ചുരുങ്ങിയ പ്രതിമാസ തവണയില്‍ കാറുകള്‍ ലഭിക്കുകയും ചെയ്യും. പലപ്പോഴും കാറുകളില്‍ ഒരാള്‍ മാത്രമേ ഉണ്ടാകൂ. വാഹനങ്ങളുടെ ആധിക്യം ഗതാഗതക്കുരുക്കിനും ഇടയാക്കിയിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ പെട്രോളിനായി കൂടുതല്‍ തുക ചെലവഴിക്കേണ്ടിവരുന്നവര്‍ പൊതുഗതാഗത സംവിധാനത്തിലേക്ക് മാറേണ്ടിവരും. മാസങ്ങള്‍ക്ക് മുമ്പ് കൂടുതല്‍ ആധുനിക ബസുകള്‍ നിരത്തിലിറക്കി പൊതുഗതാഗത സംവിധാനം സര്‍ക്കാര്‍ ശക്തിപ്പെടുത്തിയിരുന്നു. 
വാഹനങ്ങളുടെ ആധിക്യം മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം കുറക്കുകയെന്ന ലക്ഷ്യവും സര്‍ക്കാര്‍ നടപടിക്ക് പിന്നിലുണ്ടെന്ന് ഊര്‍ജ മന്ത്രി വിശദീകരിച്ചിരുന്നു. ടണ്‍ കണക്കിന് കാര്‍ബണാണ് വാഹനങ്ങളില്‍ നിന്ന് ദിവസവും അന്തരീക്ഷത്തിലത്തെുന്നത്. പെട്രോള്‍ വില വര്‍ധന വഴി കുറച്ചുവാഹനങ്ങളെങ്കിലും ഒഴിവാക്കാനായാല്‍ അത് നേട്ടമാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. 
മാര്‍ച്ച് ഒന്ന് മുതല്‍ വൈദ്യുതി ചാര്‍ജ് യൂനിറ്റൊന്നിന് മൂന്ന് ഫില്‍സില്‍ നിന്ന് ആറാകും. വെള്ളം 25 ഫില്‍സില്‍ നിന്ന് 80 ആയും മാറും. 
1966 യൂനിറ്റ് വൈദ്യുതിയും 36 യൂനിറ്റ് വെള്ളവും ഉപയോഗിക്കുന്ന കുടുംബത്തിന് സബ്സിഡി ഇല്ലാതെ 74 ദിനാര്‍ പ്രതിമാസ ചാര്‍ജ് വരും. സബ്സിഡി കഴിച്ച് നല്‍കേണ്ടത് 26 ദിനാറാണ്. മാര്‍ച്ച് മുതല്‍ ഇത് ഇരട്ടിയിലധികമാകും. ഇത് ശരാശരി വരുമാനക്കാരായ പ്രവാസി കുടുംബങ്ങള്‍ക്ക് താങ്ങാവുന്നതിനപ്പുറമാണ്. ചെലവിനനുസരിച്ച് ശമ്പളം കൂടാത്തതിനാല്‍ കൂടുതല്‍ തുക കണ്ടത്തെുകയെന്നത് ഗൃഹനാഥന്മാര്‍ക്ക് വെല്ലുവിളിയാകും. കുടുംബാംഗങ്ങളെ നാട്ടിലേക്കയച്ച് ബാച്ച്ലര്‍ താമസ കേന്ദ്രങ്ങളെ ആശ്രയിക്കാന്‍ കുറേ പേരെങ്കിലും നിര്‍ബന്ധിതരാകുമെന്നതാണ് അവസ്ഥ. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.