ഇന്ത്യൻ എംബസി അങ്കണത്തിൽ അംബാസഡർ വിനോദ് കെ. ജേക്കബ് പതാകയുയർത്തുന്നു - ചിത്രം സനുരാജ് സോമരാജ്

ബഹ്‌റൈനിൽ പ്രൗഢഗംഭീരമായി ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷം

മനാമ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം സമാനതകളില്ലാത്ത ദേശസ്നേഹത്തോടെ ആഘോഷമാക്കി ബഹ്‌റൈനിലെ ഇന്ത്യൻ പ്രവാസികൾ. ജന്മനാടിന് ഏറെ അകലെയാണെങ്കിലും, മനസ്സിൽ രാജ്യസ്നേഹവുമായി ആയിരക്കണക്കിന് പ്രവാസികളാണ് ബഹ്‌റൈൻ ഇന്ത്യൻ എംബസി അങ്കണത്തിലേക്ക് ഒഴുകിയെത്തിയത്. ശനിയാഴ്ചയായതിനാൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി പേരാണ് ആഘോഷങ്ങളിൽ പങ്കുചേരാൻ രാവിലെ തന്നെ എംബസിയിലെത്തിയത്.


 



കൃത്യം രാവിലെ 7 മണിക്ക് ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് ദേശീയ പതാക ഉയർത്തി. ദേശീയ ഗാനവും വന്ദേമാതരവും ചടങ്ങിൽ ആലപിച്ചു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് പുഷ്പാർച്ചന നടത്തിയ അംബാസഡർ, രാജ്യത്തിന്റെ പുരോഗതിയും ഭാവിയെക്കുറിച്ചുള്ള സുപ്രധാന കാഴ്ചപ്പാടുകളും വ്യക്തമാക്കുന്ന ഇന്ത്യൻ പ്രസിഡന്റിന്റെ സന്ദേശത്തിലെ പ്രമുഖ ഭാഗങ്ങൾ ചടങ്ങിൽ വായിച്ചു. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകിയ അംബാസഡർ, ഇന്ത്യ ഒരു വികസിത രാജ്യമാകുന്നതിൽ യുവതലമുറ വഹിക്കുന്ന പങ്ക് വലുതാണെന്ന് വ്യക്തമാക്കി.


 



ഒപ്പം, ഇന്ത്യ-ബഹ്‌റൈൻ ഉഭയകക്ഷി ബന്ധങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ചടങ്ങിൽ ജാതിമത ഭേദമന്യേ ഇന്ത്യയെന്ന ഒറ്റ വികാരത്തിൽ പ്രവാസികൾ പരസ്പരം സ്വാതന്ത്ര്യദിനാശംസകൾ കൈമാറി. മധുരവിതരണത്തോടെയാണ് എംബസിയിലെ ഔദ്യോഗിക ആഘോഷങ്ങൾക്ക് സമാപനമായത്. എംബസിക്ക് പുറമെ വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലും രാജ്യത്തുടനീളം വിപുലമായ ആഘോഷങ്ങളും മധുരവിതരണവും നടന്നു.




 


Tags:    
News Summary - India's 80th Independence Day celebrated with pomp and show in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.