ഫാഷിസ്റ്റ് പാര്‍ട്ടിക്കെതിരായ പോരാട്ടത്തിന് കൈകോര്‍ക്കുക –വി.എസ്

മനാമ: ഇന്ത്യ ഭരിക്കുന്ന ഫാഷിസ്റ്റ് പാര്‍ട്ടിക്കെതിരായ പോരാട്ടത്തിന് എല്ലാവരും കൈകോര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ബഹ്റൈന്‍ കേരളീയ സമാജത്തില്‍ ഇടതുപക്ഷ അനുകൂല സംഘടനയായ പ്രതിഭ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധ സ്വരം ഉയര്‍ത്തുന്നവരെ ഉടനടി കൊലപ്പെടുത്തുകയെന്ന നയവുമായാണ് മോദി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് രാജ്യത്ത് അടുത്തിടെയുണ്ടായ സംഭവവികാസങ്ങള്‍ തെളിയിക്കുന്നു. പശുവിനെ കൊന്ന് ഇറച്ചി കഴിക്കുന്നത് മഹാപാപമായാണ് പറയുന്നത്. എന്നാല്‍ രാമായണത്തിലും ഭാഗവതത്തിലുമെല്ലാം ഇറച്ചി കഴിക്കുന്നവരെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. പശു അമ്മയാണെങ്കില്‍ കാള ആരാണെന്ന് തന്‍െറ സ്വതസിദ്ധമായ ശൈലിയില്‍ വി.എസ് ചോദിച്ചപ്പോള്‍ സദസ്സില്‍ നിന്ന് കരഘോഷമുയര്‍ന്നു. 
യുക്തിരഹിതമായ ഇത്തരം കാര്യങ്ങള്‍ ചോദ്യം ചെയ്തതിനാണ് സാഹിത്യകരന്മാരെ കശാപ്പ് ചെയ്തത്. കള്ളപ്പണം പിടിച്ചെടുക്കുമെന്ന് വീമ്പ് പറഞ്ഞ് അധികാരത്തില്‍ കയറിയ കോണ്‍ഗ്രസ്, ബി.ജെ.പി സര്‍ക്കാറുകള്‍ക്ക് അധികം വൈകാതെ പിന്മാറേണ്ടി വന്നു. വമ്പന്മാരെ തൊടരുതെന്ന് നിര്‍ദേശം വന്നതാണ് കാരണം. വാഗ്ദാന ലംഘനം നടത്തി കള്ളപ്പണം പിടിച്ചെടുക്കാതിരിക്കുന്നത് നെറികേടാണ്. ഇടതുപക്ഷ സര്‍ക്കാറിന് മാത്രമേ ഇത്തരം കാര്യങ്ങള്‍ ചെയ്യാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
കേരളീയ സമാജം പ്രസിഡന്‍റ് വര്‍ഗീസ് കാരക്കല്‍ അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി ബിനോയ് വിശ്വം, സമാജം വൈസ്പ്രസിഡന്‍റ് അബ്ദുറഹ്മാന്‍, സെക്രട്ടറി വി.കെ. പവിത്രന്‍, പ്രതിഭ പ്രസിഡന്‍റ് മഹേഷ്, സെക്രട്ടറി ശരീഫ്, സി.വി.നാരായണന്‍, എസ്.എന്‍.സി.എസ് ചെയര്‍മാന്‍ ഷാജി കാര്‍ത്തികേയന്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതഗാനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. ‘കനല്‍ വഴിയിലെ രക്ത പുഷ്പങ്ങള്‍’ എന്ന സംഘനൃത്തവും നടന്നു. 
സമാജം ഹാള്‍ നിറഞ്ഞുകവിഞ്ഞതിനെ തുടര്‍ന്ന് ആളുകള്‍ പുറത്ത് സ്ക്രീനിലാണ് പരിപാടി വീക്ഷിച്ചത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.