‘ദിസ് ഇസ് ബഹ്റൈന്‍’ ആഘോഷം വര്‍ണാഭമായി

മനാമ: 44ാമത് ദേശീയദിനവും ഭരണാധികാരിയുടെ 16ാമത് സ്ഥാനാരോഹണ വാര്‍ഷികവും പ്രമാണിച്ച് നടത്തിയ ‘ദിസ് ഇസ് ബഹ്റൈന്‍’ ആഘോഷം വര്‍ണാഭമായി. 
ഭരണാധികാരി കിങ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയെ പ്രതിനിധീകരിച്ച് സുപ്രീം കൗണ്‍സില്‍ ഫോണ്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്‍റുമായ ശൈഖ് നാസര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ പരിപാടിയില്‍ പങ്കെടുത്തു. ബഹ്റൈന്‍ ഫെഡറേഷന്‍ ഓഫ് എക്സ്പാട്രിയേറ്റ് അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ നാഷണല്‍ സ്റ്റേഡിയത്തിലായിരുന്നു ആഘോഷ പരിപാടികള്‍.  ആഘോഷത്തില്‍ പങ്കെടുത്ത പ്രവാസി പ്രതിനിധികള്‍ക്ക് ശൈഖ് നാസര്‍ ഭരണാധികാരിയുടെ സന്ദേശം കൈമാറി. 
രാജ്യത്തിന്‍െറ വികസനത്തില്‍ പ്രവാസി സമൂഹം വലിയ പങ്കാണ് വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികളെ ശരിയായ രീതിയില്‍ പരിചരിക്കേണ്ടത് രാജ്യത്തിന്‍െറ ഉത്തരവാദിത്തമാണ്. സൗഹാര്‍ദത്തോടെയും സഹവര്‍ത്തിത്വത്തോടെയും വര്‍ഷങ്ങളായി രാജ്യത്ത് കഴിയുന്ന പ്രവാസികളോട് മനുഷ്യത്വപരമായ സമീപനമാണ് ഭരണാധികാരികള്‍ എന്നും പുലര്‍ത്തിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഹ്റൈന്‍ ഫെഡറേഷന്‍ ഓഫ് എക്സ്പാട്രിയേറ്റ് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ബെറ്റ്സി മതീസണ്‍ ഭരണാധികാരിക്കും പൊതുജനങ്ങള്‍ക്കും ദേശീയദിനാശംസ നേര്‍ന്നു. പ്രവാസികള്‍ക്ക് അനുകൂലമായ അന്തരീക്ഷം രാജ്യത്ത് ഒരുക്കുന്നതിന് അവര്‍ ഭരണകൂടത്തിന് നന്ദി പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.