മനാമ: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ബഹ്റൈനിലെ ശരീഅത്ത് കോടതികളിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത വിവാഹങ്ങളുടെ എണ്ണം 13,801 ആണെന്ന് നീതിന്യായ, ഇസ്ലാമിക കാര്യ, എൻഡോവ്മെന്റ് മന്ത്രാലയം വെളിപ്പെടുത്തി. എം.പി ജലാൽ കാദിമിന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രാലയം ഈ വിവരങ്ങൾ പുറത്തുവിട്ടത്.
കഴിഞ്ഞ മൂന്നുവർഷത്തിനിടയിൽ ബഹ്റൈനി സ്ത്രീയും പുരുഷനും തമ്മിലുള്ള 10,139 വിവാഹക്കരാറുകൾ രജിസ്റ്റർ ചെയ്തു. എല്ലാ പ്രായക്കാർക്കുമിടയിലുള്ള ആകെ രജിസ്റ്റർ ചെയ്ത വിവാഹങ്ങൾ 13,801 ആണ്. വിവാഹമോചന കേസുകളുടെ എണ്ണവും അവയിൽ അനുരഞ്ജനത്തിലൂടെ പരിഹരിച്ച കേസുകളുടെ വിവരങ്ങളും മന്ത്രാലയം പുറത്തുവിട്ടു. 2023നും 2025നും ഇടയിൽ സമർപ്പിച്ച കേസുകളിൽ 2,934 കേസുകൾ വിജയകരമായി അനുരഞ്ജനത്തിലൂടെ പരിഹരിച്ചു. കുടുംബ അനുരഞ്ജനത്തിന്റെ വിജയശതമാനം 40 ശതമാനമാണ്.
അനുരഞ്ജനം പരാജയപ്പെട്ടതിനെത്തുടർന്ന് 4336 കേസുകൾ ബന്ധപ്പെട്ട കോടതിയിലേക്ക് വിട്ടു. പാർലമെന്റിന്റെ ആറാം നിയമനിർമാണ സഭയുടെ തുടക്കം മുതൽ ഇന്നുവരെ ശരീഅത്ത് കോടതികളിൽ രേഖപ്പെടുത്തിയ ആകെ വിവാഹമോചന കേസുകൾ 5607 ആണ്. ഇതിൽ 3969 വിവാഹമോചനങ്ങൾ ബഹ്റൈനി ദമ്പതികൾ തമ്മിലുള്ളതാണ്. നിയമനിർമാണ സഭയുടെ തുടക്കം മുതൽ ഇന്നുവരെ രജിസ്റ്റർ ചെയ്ത വിവാഹക്കരാറുകളുടെ ആകെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ വിവാഹമോചന നിരക്ക് ആറ് ശതമാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.