കാണാം..വിസ്മയ ഭവനങ്ങള്‍

മനുഷ്യനോളം പഴക്കമുണ്ട് അവന്‍ ചേക്കേറിയ കൂടിനും. കാട് ആയിരുന്നു മനുഷ്യന്‍റെ പ്രഥമ വീടെങ്കില്‍ പിന്നീടവന്‍ മഴയില്‍ നിന്നും വെയിലില്‍ നിന്നും വന്യമൃഗങ്ങളില്‍ നിന്നും രക്ഷതേടി പ്രകൃതി ഒരുക്കിയ വീടുകളില്‍ ചേക്കേറി. അതിനെ ഗുഹകള്‍ എന്നു വിളിച്ചു. സംസ്കാരവും നാഗരികതയും വികാസം പ്രാപിച്ചപ്പോള്‍ ആദ്യം മാറ്റം കണ്ടു തുടങ്ങിയത് മനുഷ്യന്‍റെ വാസ ഗേഹങ്ങളില്‍ കൂടിയായിരുന്നു.
വിവിധ കാലങ്ങളില്‍ വിവിധ ദേശങ്ങളില്‍  രൂപ പരിണാമങ്ങളോടെ ഭൂമിക്കുമേല്‍ വീടുകള്‍ ഉയര്‍ന്നുവന്നു. ഒരോ ദേശത്തും കിട്ടുന്ന അസംസ്കൃത വസ്തുക്കള്‍ അതിന്‍റെ ചേരുവകള്‍ ആയി. ഇന്നിപ്പോള്‍ ഭൂമിയിലെ വീടും പോരാഞ്ഞ് അന്യഗ്രഹങ്ങളിലേക്കു നോക്കുകയാണ് മനുഷ്യന്‍.


ലോകത്തിലെ വിവിധ ഇടങ്ങളിലെ വിസ്മയിപ്പിക്കുന്ന ചില വീടുകള്‍ പരിചയപ്പെടാം ഇവിടെ. നിര്‍മിതിയിലും  കാഴ്ചയിലും വ്യത്യസ്തത പുലര്‍ത്തുന്ന ഇവയെ കുറിച്ചുള്ള അറിവുകള്‍ ഏറെ രസകരമാണ്.





സെര്‍ബിയയിലെ ബാസിന ബസ്തയില്‍ ദ്രിന നദിയിലെ പാറക്കെട്ടിനു മുകളില്‍ തീര്‍ത്തൊരു വീട്! 1968ല്‍ ഒരു കൂട്ടം ചെറുപ്പക്കാരുടെ മനസ്സില്‍ വിടര്‍ന്നതാണ് ഈ ആശയം. തങ്ങള്‍ക്ക് ഇടത്താവളമായി ഇവിടെ ഒരു കൊച്ചു കൂടാരമൊരുക്കിയാല്‍ എന്തെന്ന ചിന്തയില്‍ പ്രകൃതിയുടെ ചായയില്‍ അതിമനോഹരമായ ഒരു ചിത്രം വിരിഞ്ഞു.

 

 




മരക്കമ്പനി കച്ചവടക്കാരനായ ഡാന്‍മര്‍ വടക്കന്‍ പോളണ്ടിലെ സിമ്പാര്‍ക്കില്‍ നര്‍മിച്ച തല തിരിഞ്ഞൊരു വീടാണിത്. മരത്തിന്‍റെ ഫ്രെയിമുകള്‍ നിര്‍മിക്കുന്നതില്‍ വിദഗ്ധനാണ് ഇദ്ദേഹം.  ഡാന്‍മറുടെ മാതൃകാ ഗ്രാമത്തിന്‍റെ സവിശേഷതയാണ് ഈ തലതിരിഞ്ഞ വീട്. ഇതിനകം തന്നെ ആയിരക്കണക്കിന് വിനോദ സഞ്ചാരികള്‍ വീടിനകത്തു കയറി വട്ടംകറങ്ങി. പലര്‍ക്കും ബാലന്‍സ് തെറ്റി.

 

 




ഇത് മെക്സിക്കോ സിറ്റിയില്‍ കടല്‍ ചിപ്പികള്‍ കൊണ്ട് നിര്‍മിച്ച മനോഹരമായ വീട്. ചുവരുകളില്‍ വിവിധ വര്‍ണങ്ങളില്‍ മുത്തു ചിപ്പികള്‍ പതിച്ചിരിക്കുന്നു. വിശാലമായ ഈ വീട്ടിനുള്ളില്‍ ഒരു കുടുംബത്തിനുവേണ്ട എല്ലാ സൗകര്യങ്ങളും ഉണ്ട്.

 

 




ഇംഗ്ളണ്ടിലെ ഹില്‍സ്ബറോയില്‍1976ല്‍ പണിതതാണിത്. അതേവരെ പരീക്ഷിക്കാത്ത പുതിയ നിര്‍മാണ വസ്തുക്കള്‍ ഉപയോഗിച്ചുള്ള വില്യം നികോള്‍സണ്‍ എന്ന ആര്‍കിടെക്റ്റിന്‍റെ പരീക്ഷണമായിരുന്നു ഈ ചെമ്പന്‍ വീട്.

 

 

 

 


മനിലയിലെ സെമിത്തേരിയില്‍ പുരാതന ശവക്കല്ലറകള്‍ വീടുകളാക്കിയപ്പോള്‍. ഇവിടെ നഗരത്തിലെ നിരവധി ദരിദ്ര കുടുംബങ്ങള്‍ക്ക് അഭയമൊരുക്കുന്നത് മുകളിലേക്ക് കെട്ടിപ്പടുത്ത ഈ കല്ലറകള്‍ ആണ്!

 

 

 

 


എന്തു ഭംഗിയല്ളേ ഈ കുമിള വീടു കാണാന്‍! ഫ്രാന്‍സിലെ കാനിലാണ് ഇതു പണിതിരിക്കുന്നത്. പ്രശസ്ത ആര്‍കിടെക്റ്റ് ആന്‍റി ലോവെഗ്  രൂപകല്‍പന ചെയ്ത ഈ കുമിള രൂപന്‍ ഇപ്പോള്‍ വമ്പന്‍ പാര്‍ട്ടികള്‍ക്കും സല്‍കാരങ്ങള്‍ക്കും പേരു കേട്ടിരിക്കുകയാണ്.

 




പോര്‍ച്ചുഗലിലെ കല്ലു വീടിനെ തകര്‍ത്ത് ഒരു കള്ളനും  ഉള്ളില്‍ കടക്കാനാവില്ല. ബുള്ളറ്റ് പ്രൂഫ് ആണ് ഇതിന്‍റെ ജനലുകളും വാതിലുകളും. പ്രദേശത്ത് ധാരാളമായി എത്തുന്ന വിനോദ സഞ്ചാരികളെ കുറിച്ചുള്ള ഉത്കണ്ഠയാണ് ഇത്തരമൊരു പാറ വീടു പണിയാന്‍ ഉടമയെ പ്രേരിപ്പിച്ചത്.
 

 

 




ഇത് ഇന്തോനേഷ്യയിലെ കുംഭ ഗോപുര ഭവനങ്ങള്‍. സുംബര്‍ ഹാര്‍ജോ ഗ്രാമത്തില്‍ ഭൂചലനത്തില്‍ വീടു നഷ്ടപ്പെട്ട 70 കുടംബങ്ങള്‍ ആണ് യു.എസ് കമ്പനിയുടെ മേല്‍നോട്ടത്തില്‍ നിര്‍മിച്ച വീടുകളില്‍ കഴിയുന്നത്.

 

 




ഫൂട്ബാളില്‍ മാത്രമല്ല, ബ്രസീലുകാരുടെ  കാല്‍പനികത. കണ്ടില്ളേ, റിയോ ഡി ജനീറോയില്‍ കുത്തനെയുള്ള ഒരു കെട്ടിടത്തില്‍ സ്റ്റെപ് വീടൊരുക്കിയിരിക്കുകയാണ് ബ്രസീലിയന്‍ കലാകാരന്‍മാരായ തിയാഗോ പ്രിമോയും സഹോദരന്‍ ഗബ്രിയേല്‍ ഹാങ്ങും. ഉറക്കറ, ബെഡ്,കസരേ,മേശ എല്ലാം മതിലില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. തീറ്റയും ഉറക്കവും എല്ലാം ഈ വീട്ടില്‍ സുഗമമായി നടക്കുന്നു.

 

 


ക്വിവിക് ഇഗ്ളൂ വീട്. ഫാറിയോ ദ്വീപിലെ ക്വിവിക് എന്ന കൊച്ചു ഗ്രാമത്തില്‍ 300 സ്ക്വയര്‍ഫീറ്റില്‍ പണി തീര്‍ത്ത ഈ ഇത്തിരിക്കുഞ്ഞനെ നോക്കൂ. അകത്ത് ചെറു സുഖമുള്ള ചൂട് പകരുന്ന രൂപത്തിലാണ്  ഇഗ്ളു ഭവനത്തിന്‍റെ നിര്‍മാണം.

 

 




വടക്കന്‍ ഇംഗ്ളണ്ടിലെ സ്റ്റേന്‍റണ്‍ ലീസില്‍  കാറ്റാടി മരക്കൊമ്പില്‍ നിര്‍മിച്ച വീടുകള്‍.

 





73കാരനായ ബൊഹ്മി ലോഹ്ദ തന്‍റെ വീട് കറക്കുകയാണ്. പ്രേഗിലെ ജബ്ലോനക് നാദ് നിസ്യുവിലാണ് മുകളിലേക്കോ,താഴേക്കോ ഇഷ്ടം പോലെ കറക്കിത്തിരിക്കാവുന്ന ഈ വീട്. ജനലുകളില്‍ നിന്നുള്ള കാഴ്ചക്കനുസരിച്ച് ഇദ്ദേഹം വീട് കറക്കിയൊരുക്കുന്നു.

 

 

 



ലണ്ടനിലെ ഒരു ടവറിനു മുകളില്‍ മേഘക്കൂട്ടത്തെ തൊട്ടുരുമ്മി നില്‍പാണിവന്‍. 1923ല്‍ പണി തീര്‍ത്ത ഈ ഗോപുര ഭവനം ഇപ്പോള്‍ ഒരു സത്രമായി ഉപയോഗിക്കുന്നു.

 

 




കണ്ടാല്‍ പ്രേതകഥയിലെ വീടിന്‍റെ ഛായയില്ളേ ഇതിന്. എങ്കില്‍ ഇത് നിര്‍മിച്ചതും യക്ഷിക്കഥയിലെ ദുരൂഹത പടര്‍ത്തുന്ന വീടിന്‍റെ ചിത്രം മനസ്സില്‍ തട്ടിയാണ്. പോളണ്ടിലെ ഡിസൈനര്‍മാരായ ജാന്‍ മാര്‍സിനും പെര്‍ ഡാല്‍ബെര്‍ഗുമാണ് ഈ കൂറ്റന്‍ വീടിനു പിന്നില്‍. ഇതിനകത്ത് കഫേകളും റെസ്റ്റേറന്‍റുകളും ഷോപിങ് സെന്‍ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.