ഇത്തിരിത്തണുപ്പില്‍...

ഒരു മനുഷ്യായുസ്സിന്‍െറ മുഴുവന്‍ ചോരയുംനീരുമൊക്കെ ചേര്‍ത്ത് കെട്ടിപ്പൊക്കിയ ആധുനിക വീടകങ്ങളിലിരുന്ന് വെന്തുരുകുന്ന മലയാളികള്‍ക്കുള്ള ഏകാശ്രയം എയര്‍ കണ്ടീഷനുകള്‍ തന്നെയാണിന്നും. ശീതീകരണയന്ത്രങ്ങള്‍ വരുത്തിവെക്കുന്ന ബില്ലുകള്‍ ഷോക്കടിപ്പിക്കുമ്പോള്‍ ലക്ഷങ്ങള്‍ മുടക്കി പണിത സ്വപ്ന ഭവനങ്ങളെ ശപിച്ചുപോകും അറിയാതെയെങ്കിലും  മനസ്സ്. മണിക്കൂറുകള്‍കൊണ്ട് മണ്ണുമാന്തി യന്ത്രങ്ങള്‍ വലിച്ച് മൂലക്ക്കൂട്ടിയിട്ട നൂറ്റാണ്ട് പഴക്കമുള്ള നാലുകെട്ടുകളുടെയും പഴയ തറവാടുകളുടെയും ഉള്ളറകളില്‍ അനുഭവിച്ച ആ തണുപ്പിനെ കൊതിച്ചുപോകുന്ന നിമിഷങ്ങള്‍ കൂടിയായിരിക്കും  അത്. ആ തണുപ്പിനെ കണ്ടത്തൊന്‍ പഴയ വീടുകള്‍തോറും അലഞ്ഞ ഒരു മനുഷ്യനുണ്ട് ഇല്ലങ്ങളുടെ നാട്ടില്‍. അതിന്‍െറ സാക്ഷ്യമാണ് കൊല്ലം മയ്യനാട്ടെ കായാവില്‍ തറവാടിന്‍െറ മുകളിലത്തെ ‘കൂള്‍ഹോം’. ആധുനിക സാങ്കേതിക വിദ്യയില്‍ പണിത വീടാണിത്. ചെലവ് കുറഞ്ഞരീതിയിലാണ് കൂള്‍ ഹോം ഒരുക്കിയത് എന്നതാണ് ശ്രദ്ധേയം. കൊല്ലം ടി.കെ.എം കോളജിലെ ആര്‍കിടെക്ചര്‍ വിഭാഗം പ്രഫസര്‍ ഡോ.എ.എസ്. ദിലി ആണ് ഈ കൂള്‍ഹോമിന്‍െറ സൂത്രധാരന്‍.
വികസിത രാജ്യങ്ങളില്‍ പഴയവീടുകളുടെ ഓരോ അരികും മൂലയും അരിച്ചുപഠിക്കുന്ന ഒരുപാട് ഗവേഷകരുണ്ട്. പഴയ വീടുകളില്‍ ഒളിഞ്ഞിരിക്കുന്ന നൈസര്‍ഗിക സംവിധാനങ്ങള്‍, തണുപ്പ് നിലനിര്‍ത്തുന്ന സങ്കേതങ്ങള്‍... ഇങ്ങനെ വിവിധ വിഷയങ്ങളായിരിക്കും അവരുടെ മനസ്സുകളില്‍. പക്ഷേ,  ഇത്തരം ഗവേഷണങ്ങള്‍ക്ക് വളരെയധികം പ്രാധാന്യമുള്ള വിദേശ രാജ്യങ്ങളില്‍ പഠനത്തിനായി 150ല്‍ താഴെ വര്‍ഷം പഴക്കമുള്ള വീടുകളേ ലഭിക്കൂ.പക്ഷേ,നമ്മുടെ കേരളത്തില്‍ 300 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള നിലമ്പൂര്‍ കോവിലകങ്ങള്‍ പോലെയുള്ളവ കുറച്ചെങ്കിലുമുണ്ട്. എന്നാല്‍, ഈ തറവാടുകളെക്കുറിച്ചോ അവയുടെ ഉള്ളറകളില്‍ ഒളിഞ്ഞുകിടക്കുന്ന നിര്‍മാണ വിദ്യകളെക്കുറിച്ചോ പഠിക്കാന്‍ ആരും കാര്യമായി മുന്നോട്ടുവന്നിട്ടില്ലായിരുന്നു.
‘പരമ്പരാഗത വീടുകളിലെ നിഷ്ക്രിയ താപനിയന്ത്രണം’ എന്ന വിഷയത്തില്‍ കോഴിക്കോട് എന്‍.ഐ.ടിയില്‍ 2007ലാണ് അദ്ദേഹം തന്‍െറ ഗവേഷണം തുടങ്ങിയത്. കേരളത്തില്‍ ആദ്യമായിട്ടായിരുന്നു ഇങ്ങനെ ഒരു പഠനം.
ഇന്ത്യയില്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ചിലഭാഗങ്ങളിലും ഹൈദരാബാദിലും ഇപ്പോള്‍ കേരളത്തിലുമാണ് ഈവിഷയത്തില്‍ ഗവേഷകരുള്ളത്. കേരളത്തിന്‍െറ ചില സ്ഥലങ്ങളില്‍ ഇന്നും തലയെടുപ്പോടെ നില്‍ക്കുന്ന നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇല്ലങ്ങളുടെയും കോവിലകങ്ങളുടെയും നാലുകെട്ടുകളുടെയും ഉള്ളറകളില്‍ സൂക്ഷ്മമായി നടത്തിയ പരിശോധനകളും പഠനങ്ങളും നീണ്ടത് മൂന്നു വര്‍ഷം. ഡോക്ടറേറ്റ് എന്ന പദവി കിട്ടിയതിനുശേഷവും ഇദ്ദേഹം തുടര്‍ന്ന പഠനങ്ങളുടെയും പരീക്ഷണങ്ങളുടെയും ഫലമായിരുന്നു കൂള്‍ഹോമിന്‍െറ പിറവി. 1350 ചതുരശ്രഅടി വിസ്തീര്‍ണമുള്ള വീടിന്‍െറ പണി പൂര്‍ണമായിത്തീരുമ്പാള്‍ ചെലവായത് 6,80,000 രൂപമാത്രം.
70 വര്‍ഷം പഴക്കമുള്ള കായാവില്‍ തറവാട്ടിന്‍െറ മുകളില്‍ കുറഞ്ഞ ഭാരം മാത്രമേ രണ്ടാമത്തെ നില നല്‍കുന്നുള്ളൂ എന്നത് നിര്‍മാണശൈലിയുടെ പ്രത്യേകത തന്നെയായിരുന്നു. പഴയ ഇല്ലങ്ങളിലെ കുളിര്‍മയുടെ കാരണം കണ്ടത്തെിയതിന്‍െറ പുനരാവിഷ്കരണമായിരുന്നു ദിലി തന്നെ നേരിട്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതോടെ സംഭവിച്ചത്. കായാവില്‍ തറവാട് ഓടില്‍ നിന്ന് വാര്‍പ്പിലേക്ക് മാറിയിട്ട് കാലം കുറെ ആയിരുന്നു. താഴത്തെ നിലയില്‍ പലകാലങ്ങളിലുണ്ടായ വികസനംമൂലം വീടിന്‍െറ ടെറസ് പലതട്ടുകളായി മാറിയിരുന്നു.ഇതിന്‍െറ മുകളില്‍ ശാസ്ത്രീയമായ രീതിയില്‍ നിര്‍മാണ രീതികളുമായി മുന്നോട്ടുപോയതോടെ വീടിന്‍െറ മുഴുവന്‍ ഭാഗവും ആകര്‍ഷണീയമായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞു.
പുറമെനിന്നുള്ള പടികള്‍ കയറി മുകളില്‍ എത്തുന്നത് പഴയ തറവാടുകളില്‍ കാണുന്ന പൂമുഖത്തിനെ അനുസ്മരിപ്പിക്കുന്ന ചുറ്റുവരാന്തയിലേക്കാണ്.സ്റ്റെയര്‍കെയ്സിന്‍െറ നിര്‍മാണത്തിലുമുണ്ട് പുതുമ. ലിവിങ് റൂം , ഒരു ബെഡ്റൂം എന്നിവ ഒരേ നിരപ്പിലാണ് നിര്‍മിച്ചിരിക്കുന്നത്. ലിവിങ് റൂമില്‍നിന്ന് പടിയിറങ്ങി വേണം വീടിന്‍െറ വിശാലമായ  ഇതര ഭാഗങ്ങളിലേക്ക് കടക്കാന്‍. ഗ്രാനൈറ്റില്‍ തീര്‍ത്ത ഈ പടികള്‍ ആവശ്യാനുസരണം എങ്ങോട്ടും നീക്കാന്‍പറ്റുന്ന രീതിയിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. പൗഡര്‍കോട്ട് ചെയ്ത സ്റ്റീല്‍ ഷീറ്റുകളാണ് പ്രധാനമേല്‍ക്കൂര. ഇതിനെ ജി.ഐ പൈപ്പുകളാണ് താങ്ങിനിര്‍ത്തിയിരിക്കുന്നത്. നാലിഞ്ച് കനമുള്ള ഹോളോബ്രിക്സ് കട്ടകള്‍ക്ക് ചില പ്രത്യേക രീതിയിലൂടെ ദൃഢത നല്‍കി  നിര്‍മിച്ച ഭിത്തി തേച്ച് പുട്ടിയിട്ട് എമല്‍ഷന്‍ പെയിന്‍റടിച്ച് ഫിനിഷ്ചെയ്തിരിക്കുകയാണ്.തടി ഉപയോഗിക്കാതെ ജനലുകള്‍ ജി.ഐ ട്യൂബ് കൊണ്ട് നിര്‍മിച്ചിരിക്കുന്നതിനാല്‍ ചെലവ് ഇവിടെയും വളരെ കുറവാണ്. ഭിത്തിക്കുമുകളിലെ കോണ്‍ക്രീറ്റ് വാര്‍പ്പിന് പകരം ജിപ്സംബോര്‍ഡ് ഫാള്‍സ് സീലിങ്  ആണ് നല്‍കിയിരിക്കുന്നത്.പക്ഷേ, ഒറ്റനോട്ടത്തില്‍ ഇത് മനസ്സിലാക്കാന്‍ കഴിയുകയുമില്ല. ജിപ്സം ബോര്‍ഡിനു മുകളില്‍ ഗ്ളാസ് വൂള്‍ വിരിച്ചിട്ടുണ്ട്. ഇതാണ ്സ്റ്റീല്‍ ഷീറ്റില്‍നിന്ന് താഴേക്ക് വരുന്ന ചൂടിനെ നിയന്ത്രിക്കുന്നത്. കൂടാതെ, ജിപ്സം തട്ടിനും മേല്‍ക്കുരക്കുമിടയില്‍ വായുവിന് കടന്നുപോകാന്‍ തരത്തിലുള്ള അറ സംവിധാനം ചെയ്തിട്ടുണ്ട്. ഈ അറക്കു ചുറ്റും മേല്‍ക്കൂരക്കും പുറം ഭിത്തികള്‍ക്കുമിടയിലായി സുരക്ഷക്കായി  ഇരുമ്പ് കമ്പികള്‍ കൊണ്ട് ഗ്രില്‍ചെയ്ത് ഘടിപ്പിച്ചിട്ടുണ്ട്. ഇതോടെ, മേല്‍ക്കൂരയില്‍ നിന്നത്തെുന്ന ചൂട് തങ്ങിനില്‍ക്കാതെ ഗ്രില്‍ വഴി പുറത്തേക്ക് പോകുന്നു. ഇതുമൂലം വീടിന്‍െറ ഉള്ളിലേക്ക് ചൂടത്തൊനുള്ള സാധ്യത ഇല്ലാതാകുന്നു.
കിടപ്പുമുറിയുടെയും ലിവിങ് ഏരിയയുടെയും തറക്ക് പ്രീ ലാമിനേറ്റഡ് തടിയാണുപയോഗിച്ചിരിക്കുന്നത്. മറ്റിടങ്ങളില്‍ വിട്രിഫൈഡ് ടൈലും. പൂമുഖത്തിന്‍െറ ഭംഗികൂട്ടാനായി മാര്‍ബ്ള്‍ കല്ലുകള്‍ വിതറിയ ബോര്‍ഡറുകള്‍ നല്‍കിയിരിക്കുന്നു. ഭിത്തിയിലുപയോഗിച്ചിരിക്കുന്ന മുന്തിയ ഇനം പെയിന്‍റുകൂടിയായപ്പോള്‍ വീടിന്‍െറ സൗന്ദര്യം ആരെയും ആകര്‍ഷിക്കും. ഇതൊക്കെ ഒഴിവാക്കിയാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് വീട് നിര്‍മിക്കുന്നതെങ്കില്‍ ചെലവ് 6.8 ലക്ഷത്തില്‍ നിന്ന് ഇനിയും കുറക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറയുന്നു. തദ്ദേശീയവും വീടിനിണങ്ങിയതും ആകര്‍ഷണീയവും ചെലവ് കുറഞ്ഞതുമായ സാധനങ്ങളുടെ ഉപയോഗമാണ് ഈ കൂള്‍ഹോമിന്‍െറ നിര്‍മാണച്ചെലവ്കുറക്കുന്നതിലെ രഹസ്യങ്ങള്‍. അഞ്ചു മാസംകൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നതും മറ്റൊരു നേട്ടം തന്നെയാണെന്ന് ദിലി പറയുന്നു. ഭാര്യ ജസിതയും  മക്കളായ ദിയയും റിദയുമൊത്ത് ഈ വീട്ടില്‍ കഴിയുമ്പോള്‍ ദിലി അനുഭവിക്കുന്നത് വര്‍ഷങ്ങളായുളള പഠനത്തിന്‍െറയും അതിനായുള്ള അലച്ചിലിന്‍െറയും നേട്ടം കൂടിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.