ഓണസദ്യയാണോ, അവിയൽ നിർബന്ധം

ഓണസദ്യയിലെ ഒഴിച്ചുകൂടാനാകാത്ത വിഭവമാണ് അവിയൽ. കഷണങ്ങൾ അരിയുന്നതിലാണ് അവിയലിന്‍റെ സ്വാദെന്ന് പഴമക്കാർ പറയും. നീളത്തിൽ കനം കുറച്ചുവേണം അവിയലിന് കഷണങ്ങൾ അരിയാൻ. എല്ലാ കഷണങ്ങളുടേയും വലുപ്പം ഒരുപോലെയാകാൻ ശ്രദ്ധിക്കുകയും വേണം. കാണാൻ ഭംഗിക്ക് മാത്രമല്ല, കഷണങ്ങൾ വെന്ത് ഉടഞ്ഞുപോകാതിരിക്കാൻ വേണ്ടി കൂടിയാണിത്. ഇനി എങ്ങനെയാണ് അവിയൽ തയാറാക്കുന്നത് എന്ന് നോക്കാം.

വെള്ളരിക്ക/കുമ്പളങ്ങ നീളത്തില്‍ അരിഞ്ഞത് - 1 കപ്പ്

പച്ചക്കായ നീളത്തില്‍ അരിഞ്ഞത് - 1 കപ്പ്

പടവലങ്ങ നീളത്തില്‍ അരിഞ്ഞത് - 1 കപ്പ്

ചേന നീളത്തില്‍ അരിഞ്ഞത് - 1 കപ്പ്

കാരറ്റ് നീളത്തില്‍ അരിഞ്ഞത് - 1 കപ്പ്

കൊത്തമരക്ക - ¼ കപ്പ്

പയർ നീളത്തിൽ അരിഞ്ഞത്- ½ കപ്പ്

മുരിങ്ങക്ക നീളത്തില്‍ അരിഞ്ഞത് - ½ കപ്പ്

തേങ്ങ ചിരികിയത് - 2 കപ്പ്

ജീരകം - 1 ടീ സ്പൂണ്‍

പച്ചമുളക് നീളത്തില്‍ അരിഞ്ഞത് - 8 എണ്ണം

മഞ്ഞള്‍പൊടി - ¼ ടീ സ്പൂണ്‍

വെളിച്ചെണ്ണ - ½ കപ്പ്

കറിവേപ്പില, ഉപ്പ് - ആവശ്യത്തിന്

തൈര് - 2 കപ്പ്( പുളിയനുസരിച്ച്)

തയ്യാറാക്കുന്ന വിധം

ചൂടായ ചീനിച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ആദ്യം ചേനക്കഷണങ്ങള്‍ വെള്ളം ചേര്‍ത്ത് വേവിക്കുക. ചേന പകുതി വേവാകുമ്പോള്‍ ബാക്കി കഷണങ്ങള്‍ ചേര്‍ത്ത് കുറച്ചു വെള്ളം, മഞ്ഞള്‍പൊടി, ഉപ്പ് ഇവ ചേര്‍ത്ത് മൂടി വേവിക്കുക. കഷണങ്ങള്‍ നല്ലപോലെ വെന്ത് വെള്ളം വറ്റുമ്പോള്‍ തെര് ചേർത്ത് അഞ്ചുമിനിറ്റോളം ഇളക്കിക്കൊടുക്കുക. പിന്നീട് അരച്ചെടുത്ത തേങ്ങാമിശ്രിതം (തേങ്ങ പച്ചമുളക്, ജീരകം, നാല് ഇതൾ കറിവേപ്പില എന്നിവ ചേർത്ത് ചതച്ചെടുത്തത്) ചേർക്കുക. ഇടക്കിടെ ഇളക്കി കൊടുക്കണം. തീ ഓഫ് ചെയ്തതിനുശേഷം കറിവേപ്പിലയും വെളിച്ചെണ്ണയും കറിക്ക് മുകളിൽ തൂവി അടച്ചുവെക്കുക. സ്വാദിഷ്ടമായ അവിയൽ തയാറായിക്കഴിഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.