ബാക്കി വരുന്ന ദോശമാവ് കൊണ്ട് ഉണ്ടാക്കാം, കലക്കൻ ബ്രേക്ക് ഫാസ്റ്റ്

ദോശ മാവ് ബാക്കി വന്നാൽ ഈ ഒരു ഐറ്റം ട്രൈ ചെയ്തു നോക്കൂ. പുറം ഭാഗം നല്ല മുരുമുരുപ്പോടു കൂടിയും ഉൾഭാഗം നല്ല മൃദുലവുമായ പണിയാരം. നമുക്കിഷ്ടമുള്ള പച്ചക്കറികൾ ചേർത്ത് ഇതുണ്ടാക്കിയെടുക്കാം.

കുട്ടികൾക്ക് ടിഫിൻ ബോക്സിൽ കൊണ്ട് പോകാൻ പറ്റിയ ഒരു ഐറ്റം കൂടിയാണിത്. പ്രഭാത ഭക്ഷണമായിട്ടും വൈകുന്നേരം ചായക്കൊപ്പവും ഇത് കഴിക്കാവുന്നതാണ്. നാളികേരം കൊണ്ടുണ്ടാക്കുന്ന ചട്നി കൂട്ടിയും തക്കാളി ചമ്മന്തി കൂട്ടിയും ഇത് കഴിക്കാം.

ചേരുവകൾ:

  •  ദോശമാവ്- 2 കപ്പ്
  •  വെളിച്ചെണ്ണ - ഒരു ടേബിൾ സ്പൂൺ
  •  കടുക് - ഒരു ടീസ്പൂൺ
  •  ജീരകം - അര ടീസ്പൂൺ
  •  ഉഴുന്ന് പരിപ്പ് - ഒരു ടേബിൾ സ്പൂൺ
  •  പൊട്ടുകടല - ഒരു ടേബിൾ സ്പൂൺ
  •  സവാള - ഒന്ന്
  •  പച്ചമുളക് - 2
  •  ഇഞ്ചി - ഒരിഞ്ചു കഷണം
  •  കായപ്പൊടി- കാൽടീസ്പൂൺ
  •  കറിവേപ്പില- രണ്ട് കതിർപ്പ്
  •  അണ്ടിപ്പരിപ്പ് - 15
  •  കാരറ്റ് ഗ്രേറ്റ് ചെയ്തത് -1
  •  ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ആദ്യമായി ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി, കടുക് പൊട്ടിച്ച് ജീരകം മൂപ്പിക്കുക. ഇതിലേക്ക് ഉഴുന്നുപരിപ്പും പൊട്ടുകടലയും ചേർത്ത് ഇളം ബ്രൗൺ നിറമാകുമ്പോൾ ചെറുതായി അരിഞ്ഞ സവാള ചേർത്ത് വഴറ്റുക. ചെറുതായി അരിഞ്ഞ ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും വേണമെങ്കിൽ അൽപ്പം മല്ലിയിലയും ചേർത്ത് വഴറ്റുക.

സവാള മൂത്ത് എണ്ണ തെളിയുമ്പോൾ കായപ്പൊടിയും ചെറുതായി അരിഞ്ഞ അണ്ടിപ്പരിപ്പും ഗ്രേറ്റ് ചെയ്ത കാരറ്റും ചേർക്കുക. കാരറ്റിലെ വെള്ളം ഒന്നു വറ്റി ഡ്രൈ ആയി വരുമ്പോൾ തീ ഓഫ് ചെയ്യാം. ചൂടാറുമ്പോൾ ദോശ മാവിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കാം.

ഒരു ഉണ്ണിയപ്പചട്ടി ചൂടാക്കി അല്പം എണ്ണ ഒഴിച്ച് ശേഷം ഓരോ സ്പൂൺ വീതം മാവ് ഒഴിക്കുക. ചെറിയ തീയിൽ വേണം വേവിക്കാൻ. പണിയാരം വെന്ത് മുകളിൽ വന്നു തുടങ്ങുമ്പോൾ തിരിച്ചിടാം. രണ്ടുവശവും ഇളം ബ്രൗൺ നിറമാകുമ്പോൾ എടുക്കാം. ആരോഗ്യപ്രദവും രുചികരവുമായ പണിയാരം തയാർ.

Tags:    
News Summary - food recipes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT