പൊറോട്ടക്കൊപ്പം സൗജന്യമായി ഗ്രേവി നൽകിയില്ലെന്ന ഉപഭോക്താവിന്റെ പരാതി തള്ളിക്കളഞ്ഞ എറണാകുളം ജില്ലാ ഫോറത്തിന്റെ ഉത്തരവ് കേരള സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ റദ്ദാക്കിയിരിക്കുകയാണ്. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ രൂപീകരിച്ച ജില്ലാ കമ്മീഷൻ, ഈ വിഷയത്തിൽ ഉപഭോക്തൃ സൗഹൃദപരമായ സമീപനമല്ല സ്വീകരിച്ചതെന്ന് സംസ്ഥാന കമ്മീഷൻ ശക്തമായി നിരീക്ഷിച്ചു. കേരളത്തിലെ പൊറോട്ട പ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്കാണ് ഈ തീരുമാനം വഴിതുറന്നിരിക്കുന്നത്.
സംഭവത്തിന്റെ തുടക്കം 2024 നവംബർ 9-നാണ്. എറണാകുളത്തെ ഫ്രീലാൻസ് മാധ്യമപ്രവർത്തകനായ ഷിബു എസ്. തന്റെ സുഹൃത്തിനൊപ്പം കോലഞ്ചേരിയിലുള്ള 'പെർഷ്യൻ ടേബിൾ റെസ്റ്റോറന്റിൽ' ഭക്ഷണം കഴിക്കാൻ പോയിരുന്നു. അവർ പൊറോട്ടയും ബീഫ് ഫ്രൈയും ഓർഡർ ചെയ്തെങ്കിലും, അതിന്റെ കൂടെ ഗ്രേവി നൽകാൻ ഹോട്ടലധികൃതർ തയാറായില്ല. ഇതിനെതിരെ ഷിബു താലൂക്ക് സപ്ലൈ ഓഫീസർക്ക് പരാതി നൽകുകയും, തുടർന്ന് നവംബർ 20-ന് ഉദ്യോഗസ്ഥർ ഹോട്ടലിൽ പരിശോധന നടത്തി ഗ്രേവി നൽകിയില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെയാണ് സേവനത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി ഷിബു ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.
എന്നാൽ, 2025 മേയ് 19-ന് ജില്ലാ കമ്മീഷൻ ഈ പരാതി പ്രാരംഭ ഘട്ടത്തിൽ തന്നെ തള്ളിക്കളഞ്ഞു. ഹോട്ടലുകളിൽ ഭക്ഷണം നൽകുമ്പോൾ ഒപ്പം ഗ്രേവി നൽകണമെന്ന് നിയമപരമോ കരാർപരമോ ആയ യാതൊരു ബാധ്യതയുമില്ലെന്നായിരുന്നു ജില്ലാ ഫോറത്തിന്റെ കണ്ടെത്തൽ. ഈ ഉത്തരവിനെതിരെ ഷിബു സംസ്ഥാന കമ്മീഷനിൽ അപ്പീൽ നൽകി. ജസ്റ്റിസ് ബി. സുധീന്ദ്ര കുമാർ (പ്രസിഡന്റ്), കെ.ആർ. രാധാകൃഷ്ണൻ എന്നിവരടങ്ങിയ സംസ്ഥാന കമ്മീഷൻ ബെഞ്ച്, ജില്ലാ കമ്മീഷന്റെ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്ന് കണ്ടെത്തി.
രണ്ട് പ്രധാന കാരണങ്ങളാണ് സംസ്ഥാന കമ്മീഷൻ ഇതിനായി ചൂണ്ടിക്കാണിച്ചത്. ഒന്ന്, പരാതി ഫയൽ ചെയ്ത് നിയമപ്രകാരമുള്ള 21 ദിവസത്തെ പരിധിക്കുള്ളിൽ ജില്ലാ കമ്മീഷൻ ഇത് തള്ളിയില്ല, അതിനാൽ ഇത് നിയമപരമായി സ്വീകരിക്കപ്പെട്ടതായി കണക്കാക്കണം. രണ്ട്, പൊറോട്ടയോ ബീഫോ പോലെയുള്ള വരണ്ട ആഹാരസാധനങ്ങൾക്കൊപ്പം ഗ്രേവി നൽകുക എന്നത് കാലങ്ങളായുള്ള ഹോട്ടൽ വ്യവസായ ശീലങ്ങളുടെ ഭാഗമാണോ എന്നത് തെളിവുകളുടെ അടിസ്ഥാനത്തിൽ വിചാരണ വേളയിൽ പരിശോധിക്കേണ്ട കാര്യമാണ്. അതിനു മുമ്പേ പ്രാരംഭ ഘട്ടത്തിൽ പരാതി തള്ളിയത് തെറ്റാണെന്ന് കോടതി വ്യക്തമാക്കി. കേസ് കൃത്യമായി പരിശോധിച്ച് നിയമനടപടികളുമായി മുന്നോട്ട് പോകാൻ ജില്ലാ കമ്മീഷനോട് നിർദ്ദേശിച്ച സംസ്ഥാന കോടതി, പരാതിക്കാരനോട് വരുന്ന ജൂലൈ 8-ന് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.